നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച്‌ യുവാവ് മരിച്ചു

single-img
30 July 2022

കോട്ടയം: നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച്‌ യുവാവ് മരിച്ചു. കോട്ടയം കെ.എസ്.ആര്‍.ടി.സി.

സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ അയ്മനം പെരുമന കോളനിയില്‍ കാഞ്ഞിരം മൂട്ടില്‍ വിജിത്ത് വിജയന്‍ (30) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.15 നായിരുന്നു അപകടം.

ഓട്ടത്തിനു ശേഷം വിജിത്ത് വീട്ടിലേക്കു മടങ്ങുന്നതിനിടെ കുടയംപടി ഭാഗത്തുവച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ഓട്ടോ മതിലില്‍ ഇടിച്ചുമറിയുകയായിരുന്നു എന്നാണ്് കരുതുന്നത്. ഓട്ടോയുടെ അടിയില്‍പ്പെട്ട നിലയിലായിരുന്നു വിജിത്ത്. അമിതവേഗത്തില്‍ എതിരേ വന്ന കാര്‍ വെട്ടിച്ചതിനെത്തുടര്‍ന്ന് ഓട്ടോയില്‍ ഇടിച്ചാണ് അപകടമെന്ന് ആരോപണമുണ്ട്.

സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നു കോട്ടയം വെസ്റ്റ് പോലീസ് എത്തിയാണു വിജിത്തിനെ പുറത്തെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റു വാഹനം ഇടിച്ചാണോ അപകടം എന്നറിയാന്‍ പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു.

വാര്‍ക്കപ്പണിക്കാരനായിരുന്ന വിജിത്ത് ഒരു മാസം മുമ്ബാണു പഴയ ഓട്ടോറിക്ഷ വാങ്ങി ഓടിക്കാന്‍ തുടങ്ങിയത്. വിജിത്തിന്റെ അച്ഛന്‍ വിജയന്‍ ലോട്ടറി വില്‍പ്പനക്കാരനാണ്. അമ്മ കുഞ്ഞുമോള്‍. ഭാര്യ കടുവാക്കുളം സ്വദേശിനി ചിഞ്ചു. ഇവര്‍ക്ക് 16 ദിവസം പ്രായമായ കുട്ടിയുണ്ട്. സംസ്‌കാരം ഇന്നു രാവിലെ 9.30 നു മുട്ടമ്ബലം ശ്മശാനത്തില്‍.