കേരളത്തിലെ ആദ്യ മങ്കിപോക്‌സ് ബാധിതൻ രോഗമുക്തി നേടി: വീണാ ജോർജ്

single-img
30 July 2022

കേരളത്തിലെ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടി. ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ 12ന് യുഎഇയിൽ നിന്നും വന്ന യുവാവിന് 14-നാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വിദേശത്തായിരിക്കെ ഇദേഹം മങ്കിപോക്സ് സ്ഥിരീകരിച്ചയാളുമായി അടുത്ത് ഇടപഴകിയിട്ടുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധർ കരുതുന്നത്. രോഗം സംശയിച്ചപ്പോൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളെ പരിശോധിക്കുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു.

ഇദ്ദേഹത്തോടൊപ്പം വിമാനത്തിൽ തൊട്ടടുത്ത് ഉണ്ടായിരുന്ന 11 പേരെയും, അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, വീട്ടിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ, വിമാനത്തിൽ എന്നിവരാണ് ഇപ്പോൾ സമ്പർക്കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവർക്കാർക്കും രോഗം പടർന്നിരുന്നില്ല.