എകെജി സെന്റർ ആക്രമണം; പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിൽ എത്തിച്ചേരുമെന്നതിനാൽ: വി ഡി സതീശൻ

single-img
30 July 2022

ഒരു മാസം കഴിഞ്ഞിട്ടും എകെജി സെന്റർ ആക്രമണക്കേസിലെ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിൽ എത്തിച്ചേരുമെന്നതിനാലാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികൾ ആരാണ് എന്ന് പൊലീസിന് അറിയാം എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കേരളം ഭരിക്കുന്ന പാർട്ടിയുടെ ഓഫിസിനു ബോംബ് എറിഞ്ഞിട്ടു പ്രതികളെ പിടിക്കാനായില്ല എന്ന് പറയുന്നത് അപമാനകരമായ കാര്യമാണ്. ആഭ്യന്തര വകുപ്പിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കും ഇത് അപമാനകരമാണ്. സ്വര്ണക്കള്ളക്കടത്തു കേസ് ചർച്ച ആകുന്നതിനിൽ നിന്നും പൊതുശ്രദ്ധ തിരിക്കാൻ വേണ്ടിയുള്ള ഗൂടാലോചനയുടെ ഭാഗം ആണ് എകെജി സെന്റർ ആക്രമണം എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ബോംബാക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അതിവേഗം നടപടി തുടങ്ങി. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന തുടങ്ങി. നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി. സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല.