മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; സൂരജ് പാലാക്കാരന്‍ കീഴടങ്ങി

single-img
29 July 2022

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നായിരുന്നു എറണാകുളം എ സി പി സൂരജ് പാലാക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

യുവതിയുടെ പരാതിയിൽ ജാതീയമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സൂരജ് പാലാക്കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതി ഹർജി തള്ളിയ പിന്നാലെ സൂരജ് പാലാക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ ഇടുക്കി അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.