സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

single-img
29 July 2022

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴക്ക് (Rain) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കര്‍ണാടക -തമിഴ് നാട് തീരത്തെ ന്യൂനമര്‍ദ്ദ പാത്തിയാണ് ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം സജീവമാക്കുന്നത്. തിങ്കള്‍, ചൊവ ദിവസങ്ങളില്‍ (ആഗസ്റ്റ് 1, ആഗസ്റ്റ് 2 ) കനത്ത മഴ ലഭിച്ചേക്കും. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ചൊവ്വാഴ്ച ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. 62 ആം മൈല്‍ മുതല്‍ കക്കി കവല വരെയുള്ള ഭാഗത്ത് പെരിയാര്‍ തോടിന്‍റെ കരയിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. കക്കിക്കവല ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊട്ടാരക്കര ദിണ്ഡുക്കല്‍ ദേശിയ പാതയില്‍ ഗതാഗതം ഭാഗികമായി നിലച്ചു. മുല്ലയാര്‍ ഭാഗത്തെ തോട്ടങ്ങളില്‍ നിന്നും ചെക്കു ഡാം തുറന്നു വിട്ടതാണ് മലവെള്ളപ്പാച്ചിലിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുമളിക്കും വണ്ടിപ്പെരിയാറിനുമിടയില്‍ മൂന്നിടത്ത് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇത് നീക്കി പിന്നീട് ഈ ഭാഗത്തെ ഗതാഗതം പുനസ്ഥാപിച്ചു.