സി പി ഐ വളരുന്നു; സിപിഎമ്മിൽ നിന്ന് സി പി ഐലേക്ക് വന്നത് പതിനായിരത്തിലേറെ പേർ

single-img
29 July 2022

സി പി എമ്മിൽ നിന്നും സി പി ഐലേക്ക് പ്രവർത്തകരുടെ ഒഴുക്കെന്ന് സംഘടനാ റിപ്പോർട്ട്. വിവിധ ജില്ലാ സമ്മേളനങ്ങൾക്കു വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടുകളിലാണ് അതാതു ജില്ലകളിൽ സി പി എമ്മിൽ നിന്നും സി പി ഐലേക്ക് വന്ന പ്രവർത്തകരുടെ കണക്കു ഉള്ളത്. ഇത് പ്രകാരം തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ 4 വർഷത്തിനിടെ ഏകദേശം 2500 സിപിഎം അംഗങ്ങൾ പാർട്ടിയിലെത്തിയെന്നാണു സിപിഐയുടെ കണക്ക്.

സംസ്ഥാനത്തെ ആകെ കണക്ക് സമാഹരിക്കുന്നതേയുള്ളൂവെങ്കിലും സിപിഎമ്മിൽ നിന്നു പതിനായിരത്തിലേറെ പേർ സിപിഐയിലേക്കു ചേക്കേറിയെന്നാണ് അനുമാനം. 4 വർഷത്തിനിടെ സിപിഐയുടെ അംഗസംഖ്യ 1.33 ലക്ഷത്തിൽ നിന്ന് 1.77 ലക്ഷമായി. വർഷം 10,000 വച്ചുള്ള ഈ വർധന ഇതാദ്യമാണ്. ഇതിന്റെ വലിയ ഭാഗം സിപിഎമ്മിൽ നിന്നാണെന്നു വിലയിരുത്തുന്നു.

മറ്റു പാർട്ടികളി‍ൽ നിന്ന് സിപിഐയിൽ എത്തുന്നവർക്ക് പോഷക സംഘടനകളിലും പിന്നീട് കാൻഡിഡേറ്റ് അംഗമായും പ്രവർത്തിച്ച ശേഷമേ പാർട്ടി അംഗത്വം നൽകൂ. എന്നാൽ, സിപിഎം അംഗത്വം ഉള്ളവർക്കു നേരിട്ട് സിപിഐ അംഗം ആകാം. ഇതാണ് അംഗത്വത്തിൽ വലിയ വർദ്ധനക്ക് കാരണം.

സിപിഎമ്മിലെ നയവ്യതിയാനത്തിലും സംഘടനാ പ്രശ്നങ്ങളിലും മടുത്തവർ സിപിഐയെ തിരഞ്ഞെടുക്കുന്നുവെന്ന അവകാശവാദം സമ്മേളനങ്ങളിൽ നേതാക്കൾ ഉയർത്തുന്നുണ്ട്.