മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സൂചികൊണ്ട് കൊവിഡ് വാക്‌സിന്‍ എടുത്തതായി പരാതി

single-img
28 July 2022

ഭോപ്പാല്‍: മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സൂചികൊണ്ട് കൊവിഡ് വാക്‌സിന്‍ എടുത്തതായി പരാതി. മദ്ധ്യപ്രദേശിലെ സാഗറില്‍ ഇന്നലെയാണ് സംഭവം നടന്നത്.

പിന്നാലെ വാക്‌സിന്‍ നല്‍കിയ ജിതേന്ദ്രയ്ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. സാഗര്‍ നഗരത്തിലെ ജെയിന്‍ പബ്ളിക് ഹയര്‍സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച കൊവിഡ് വാക്സിനേഷന്‍ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കുട്ടികള്‍ക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ച്‌ വാക്സിന്‍ നല്‍കുന്നത് കണ്ട രക്ഷിതാക്കള്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഗുരുതര കൃത്യവിലോപം, കേന്ദ്ര സ‌ര്‍ക്കാരിന്റെ ‘ഒരു സമയം ഒരു സൂചി, ഒരു സിറിഞ്ച്’ എന്ന പ്രതിജ്ഞയുടെ ലംഘനം എന്നിവയുടെ പേരിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം, അധികൃതര്‍ വാക്‌സിന്‍ നല്‍കുന്നതിനായി ഒരു സൂചി മാത്രമാണ് കൊടുത്തയച്ചതെന്ന് ജിതേന്ദ്ര പറയുന്നു. ‘ഒരു സിറിഞ്ച് ഒരാള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നറിയാം. എന്നാല്‍ താന്‍ അധികൃതരോട് ചോദിച്ചപ്പോള്‍ ഒറ്റ സിറിഞ്ച് വച്ച്‌ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് നിര്‍ദേശിച്ചത്. ഇതെങ്ങനെയാണ് എന്റെ തെറ്റാവുന്നത്. എനിക്ക് ലഭിച്ച നിര്‍ദേശപ്രകാരമാണ് ഞാന്‍ പ്രവര്‍ത്തിച്ചത്’- ജിതേന്ദ്ര പറഞ്ഞു.