ക്യൂബന്‍ അംബാസഡര്‍ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

single-img
26 July 2022

ക്യൂബന്‍ അംബാസഡര്‍ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്ബറില്‍ ആയിരുന്നു കൂടിക്കാഴ്ച.

അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ മേഖലയിലെ സഹകരണത്തില്‍ ക്യൂബയ്ക്ക് വലിയ അനുഭവ സമ്ബത്തുണ്ടെന്ന് ക്യൂബന്‍ അംബാസിഡര്‍ പറഞ്ഞു. ചെഗുവേരയുടെ കാലം മുതലുള്ളതാണത്. ജനറല്‍ മെഡിസിന്‍, സ്‌പെഷ്യാലിറ്റി മെഡിസിന്‍ എന്നീ രംഗങ്ങളില്‍ കേരളവുമായി സഹകരിക്കാനാകും. മെഡിക്കല്‍ ടെക്‌നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലകളുമുണ്ട്. ക്യൂബ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെ പറ്റിയുള്ള ചര്‍ച്ചയും നടന്നു. ഇക്കാര്യത്തില്‍ കൂട്ടായ ഗവേഷണത്തിനുള്ള ചര്‍ച്ച നടന്നു.

”കായിക മേഖലയില്‍ സഹകരണത്തിന് വലിയ സാധ്യതകളാണുള്ളത്. നമ്മുടെ കായികതാരങ്ങളെ ക്യൂബന്‍ കോച്ചുകള്‍ പഠിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു. ആരോഗ്യം, ശാസ്ത്രസാങ്കേതിക രംഗം ഉന്നത വിദ്യാഭ്യാസം, കൃഷി എന്നിവയില്‍ കൂടുല്‍ ചര്‍ച്ചകള്‍ നടത്തി എന്തൊക്കെ സഹകരണം സാധ്യമാകുമെന്ന് കണ്ടെത്തും.” സംസ്‌കാരിക വിനിമയത്തിനുള്ള സന്നദ്ധത മുഖ്യമന്ത്രി അറിയിച്ചു.

ദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് നയങ്ങള്‍ പ്രായോഗികമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ അംബാസഡര്‍ അഭിനന്ദിച്ചു. കേരളത്തില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് അംബാസിഡര്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം അബ്രഹാം, ഡല്‍ഹിയിലെ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണി, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റോയി തുടങ്ങിയവര്‍ പങ്കെടുത്തു.