കേന്ദ്രസർക്കാരിന് വേണ്ടി കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ റിസർവ്വ് ബാങ്കും ഇറങ്ങിയിരിക്കുന്നു: തോമസ് ഐസക്

single-img
26 July 2022

കേന്ദ്രസർക്കാറിനായി കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ റിസർവ്വ് ബാങ്കും ഇറങ്ങിയിരിക്കുകയാണ് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് . കഴിഞ്ഞ ദിവസത്തെ മനോരമ പത്രത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് ഒന്നാംപേജിൽ വന്നിരുന്നു. റിസർവ്വ് ബാങ്കിന്റെ പുതിയ സർക്കുലറിൽ പറയുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പദ്ധതികൾക്കു പണം നൽകുന്നതിന് അതീജാഗ്രത പുലർത്തണമെന്നാണ്- പ്രത്യേകിച്ച് കോർപ്പറേറ്റ് ബോഡികൾക്കു നൽകുന്ന ടേം ലോണുകൾ. കിഫ്ബി ഒരു ബോഡി കോർപ്പറേറ്റ് ആണെന്ന് ഓർക്കുക. ലക്ഷ്യം വളരെ വ്യക്തമാണെന്ന് അദ്ദേഹം പറയുന്നു.

ഇത്തരം വായ്പകൾ നൽകുന്നതിനു മുമ്പ് പ്രൊജക്ട് വയബിളും ബാങ്കബിളുമാണെന്ന് ഉറപ്പുവരുത്തണം. എന്നുവച്ചാൽ “പ്രൊജക്ടിൽ നിന്നുള്ള വരുമാനംകൊണ്ടുതന്നെ വായ്പയുടെ മുതലും സർവ്വീസിംഗും നടത്താനുള്ള വരുമാനം ഉണ്ടാകണം. കടത്തിന്റെ തിരിച്ചടവ് ബജറ്ററി വിഭവങ്ങൾകൊണ്ടാവില്ലായെന്ന് ഉറപ്പുവരുത്തണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

ബജറ്ററിന് വിഭവങ്ങളുടെ പിന്തുണയില്ലാതെ പ്രൊജക്ടിൽ നിന്നുള്ള വരുമാനംകൊണ്ടുമാത്രം തിരിച്ചടവ് പൂർത്തീകരിക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു റോഡ്/പാലം/പശ്ചാത്തലസൗകര്യ പ്രൊജക്ട് റിസർവ്വ് ബാങ്കിന് ചൂണ്ടിക്കാണിച്ചുതരാൻ കഴിയുമോഎന്ന് അദ്ദേഹം ചോദിക്കുന്നു.

നാഷണൽ ഹൈവേ അതോറിറ്റി നടപ്പാക്കുന്ന എല്ലാ ദേശീയപാത വികസന പദ്ധതികൾക്കും വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് ഉണ്ട്. അവയെല്ലാം ബിഒടി അടിസ്ഥാനത്തിലാണ് നടക്കുന്നത്. കോൺട്രാക്ടർ മുൻകൂറായി പണം മുടക്കുന്നു. സർക്കാർ ബജറ്റിൽ നിന്നാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നൽകുക. ടോൾ പിരിക്കുന്നതിനുള്ള അവകാശവും കോൺട്രാക്ടർക്കു നൽകും. ഇങ്ങനെയുള്ള പദ്ധതികൾക്ക് നാഷണൽ ഹൈവേ അതോറിറ്റിക്കു വായ്പ നൽകാൻ പാടില്ലായെന്നു റിസർവ്വ് ബാങ്ക് പറയുമോ?

എന്തിന് മസാല ബോണ്ടിന് വായ്പയെടുക്കുന്നതിന് റിസർവ്വ് ബാങ്കിന്റെ ഫോറിൻ എക്സ്ചേഞ്ച് ഡിപ്പാർട്ട്മെന്റ് എൻഒസി നൽകിയപ്പോൾ അന്ന് അവർ ഇത്തരം മാനദണ്ഡങ്ങൾ പരിശോധിച്ചിട്ടുണ്ടോ? എന്തേ ഇപ്പോൾ ഇങ്ങനെയൊരു പുനർവിചിന്തനം?

രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ബിജെപി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ റിസർവ്വ് ബാങ്കും അത്തരമൊരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.

ഇതിനെതിരെ രണ്ടു മാർഗ്ഗങ്ങളാണുള്ളത്. നിയമപരമായിട്ടുള്ള പരിഹാരങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതോടൊപ്പം ബഹുജനങ്ങളെ ബോധവൽക്കരിക്കണം, അണിനിരത്തണം. ഇന്നു കേരളത്തിന്റെ കടബാധ്യത സംബന്ധിച്ച് ചില വിദഗ്ദന്മാരും മാധ്യമങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോലാഹലം ഇത്തരമൊരു കേന്ദ്ര കടന്നാക്രമണത്തിന് കളമൊരുക്കാനാണെന്നു പണ്ടേ പറഞ്ഞിട്ടുള്ളതാണ്. അത് ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.