ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കുന്ന പക്ഷം പ്രധാന താരങ്ങളെ വിലക്കുമെന്ന് ഫിയോക്ക്‌

single-img
26 July 2022

ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കുന്ന പക്ഷം പ്രധാന താരങ്ങളെ വിലക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്‌.

നിലവില്‍ 42 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ശേഷം മാത്രമേ സിനിമകള്‍ ഒടിടി റിലീസിന് അനുമതിയുള്ളൂ . എന്നാല്‍ അത് മറികടന്നു കൊണ്ട് 30 ദിവസവും 15 ദിവസവുമാക്കി കുറച്ചുകൊണ്ട് ഒടിടിയില്‍ സിനിമകള്‍ എത്തുന്നുണ്ട്. ഇതിനെതിരെയും നടപടി സ്വീകരിക്കാന്‍ ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.

ഓണം മുതല്‍ 42 ദിവസത്തിന് മുന്നേ സിനിമകള്‍ നല്‍കിയാല്‍ താരങ്ങളെ വിലക്കും. ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത സിനിമകള്‍ ഒടിടിയില്‍ നല്‍കുന്ന പക്ഷം ആ താരങ്ങളുടെ ഒരു സിനിമയും തിയേറ്ററില്‍ എടുക്കില്ല എന്നും ഫിയോക്ക് തീരുമാനമെടുത്തു. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമ 52 ദിവസത്തിന് ശേഷം ഒടിടിയില്‍ നല്‍കാവു എന്ന് കാണിച്ച്‌ ഫിലിം ചേമ്ബറിന് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

നിലവില്‍ 30 ദിവസത്തിന് ശേഷം ഒടിടിയ്ക്ക് നല്‍കിയിരിക്കുന്ന സിനിമകളുടെ എഗ്രിമെന്റ് ഉള്‍പ്പെടെ ഫിയോക്കിന്റെ ചേംബറില്‍ ഉണ്ട്. ഈ ചിത്രങ്ങള്‍ ഒഴികെ ഇനി വരുന്ന സിനിമകള്‍ ആ നിലയിലേക്ക് പോകാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് സംഘടന ഉറപ്പിച്ചിരിക്കുന്നത്. തിയേറ്ററില്‍ നിന്നുള്ള ഷെയറിന്റെ കാര്യത്തിലും തീരുമാനം എടുത്തു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ 60 ശതമാനം ഷെയര്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കും. ഇതിന്റെ ബാക്കിയാണ് തിയേറ്റര്‍ ഉടമകള്‍ക്ക് ലഭിക്കുക. തമിഴ് സിനിമയ്ക്ക് 55 ശതമാനം ഷെയര്‍ ആണ് ആദ്യ ആഴ്ച നല്‍കുക.