അറസ്റ്റിലൂടെ ഞങ്ങളുടെ വായടപ്പിക്കാന്‍ ഒരിക്കലും സാധിക്കില്ല: രാഹുൽ ഗാന്ധി

single-img
26 July 2022

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയും വിലക്കയറ്റം പോലുള്ള സുപ്രധാന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാതിരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് എംപിമാർ പാർലമെന്റ് ഹൗസിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഒരു മെമ്മോറാണ്ടം നൽകാൻ അവർ മുന്നോട്ട് നീങ്ങിയപ്പോൾ, ഡൽഹി പോലീസ് അവരെ വിജയ് ചൗക്കിന് സമീപം തടഞ്ഞു.

തുടർന്ന്, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പാർലമെന്റംഗങ്ങൾ വിജയ് ചൗക്കിന് മുന്നിൽ പ്രതിഷേധിച്ചു. പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ അന്വേഷണ ഏജൻസിക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പരാമർശിച്ച് സത്യം മാത്രമേ ഈ സ്വേച്ഛാധിപത്യം അവസാനിപ്പിക്കൂ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.

” ഇവിടെ നടക്കുന്നത് സ്വേച്ഛാധിപത്യം, സമാധാനപരമായ പ്രകടനങ്ങൾ നടത്താൻ കഴിയില്ല, പണപ്പെരുപ്പവും തൊഴിലില്ലായ്മയും ചർച്ച ചെയ്യാനാവില്ല. പോലീസിനെയും ഏജൻസികളെയും ദുരുപയോഗം ചെയ്തുകൊണ്ട്, ഞങ്ങളെ അറസ്റ്റ് ചെയ്താലും നിങ്ങൾക്ക് ഞങ്ങളെ നിശബ്ദരാക്കാൻ കഴിയില്ല. ‘സത്യം’ മാത്രമേ ഈ സ്വേച്ഛാധിപത്യം അവസാനിപ്പിക്കൂ,” രാഹുൽ ട്വീറ്റ് ചെയ്തു.