രാജ്യത്ത് വൈദ്യോപകരണങ്ങളുടെ ഇറക്കുമതി കുതിച്ചുയർന്നു

single-img
25 July 2022

ദില്ലി: രാജ്യത്ത് വൈദ്യോപകരണങ്ങളുടെ ഇറക്കുമതി കുതിച്ചുയര്‍ന്നെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്. 2021 – 22 സാമ്ബത്തിക വര്‍ഷത്തില്‍ 41 ശതമാനമാണ് ഇറക്കുമതിയിലെ വളര്‍ച്ചയെന്നാണ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

63200 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. 2020 – 21 കാലയളവില്‍ 44708 കോടി രൂപ. ഇന്ത്യയില്‍ തദ്ദേശീയമായി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് 15 ശതമാനം വരെ ഡിസബിലിറ്റി ഫാക്ടര്‍ നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നത്. പ്രതികൂല ഘടകങ്ങളെ പരമാവധി അനുകൂലമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് നീതി ആയോഗും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും ആവശ്യപ്പെടുന്നുണ്ട്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിലവില്‍ 10 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും 7.5 ശതമാനം നികുതി വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഒരു ഉല്‍പ്പന്നത്തിന് 25 ശതമാനം നികുതി ഈടാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അഞ്ച് മടങ്ങായി മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി ഉയര്‍ന്നു. 2016-17 കാലത്ത് വെറും 12866 കോടി രൂപയുടെ വൈദ്യോപകരണങ്ങള്‍ മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നത്. വൈദ്യോപകരണങ്ങള്‍ക്കായി ഇന്ത്യയിപ്പോഴും ഇറക്കുമതിക്ക് കൂടുതലും ആശ്രയിക്കുന്നത് ചൈനയെയാണ്. ഇവിടെ നിന്നുള്ള ഇറക്കുമതി 48 ശതമാനം ഉയര്‍ന്ന് 13558 കോടി രൂപയായി. 2020-21 കാലത്ത് 9112 കോടിയായിരുന്നു ഇറക്കുമതി മൂല്യം.

അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി മൂല്യം 2020 – 21 കാലത്ത് 6919 കോടിയായിരുന്നു. ഇതും 48 ശതമാനം ഉയര്‍ന്ന് 10245 കോടി രൂപയായി. ജര്‍മ്മനി , സിങ്കപ്പൂര്‍ , നെതര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ആകെ ഇറക്കുമതി ചൈനയില്‍ നിന്നുള്ള ഇറക്കമുതി മൂല്യത്തിന് തുല്യമാണ്.