എകെജി സെന്റര്‍ ആക്രമണം; പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കമെന്ന് സി പി ഐ സമ്മേളനത്തിൽ വിമർശനം

single-img
24 July 2022

എകെജി സെന്റര്‍ ആക്രമത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് കരുത്തു പകർന്നു സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ച. വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കമായിരുന്നു എ കെ ജി സെന്റർ ബോംബ് ആക്രമണം എന്നാണു സമ്മേളനത്തിൽ ഉയർന്ന വിമർശനം.

രൂക്ഷ വിമർശനമാണ് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഉയർന്നത് . സിപിഎം നേതാവ് എം.എം. മണി മുതിർന്ന നേതാവായ ആനി രാജയെ വിമർശിച്ചപ്പോൾ കാണാം രാജേന്ദ്രൻ ഇടപെട്ടില്ല എന്നും എം എം മണിയെ തിരുത്തിക്കാൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വിമർശനം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചു. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നായിരുന്നു വിമർശനം. ജനങ്ങളിൽനിന്നും ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. സിപിഐയുടെ വകുപ്പുകൾ സിപിഎം ഹൈജാക്ക്‌ ചെയ്യുന്നു എന്നും പ്രതിനിധികൾ പറഞ്ഞു.

ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിൽ പോലും സിപിഐ നിലപാടെടുക്കുന്നില്ല. സിൽവർലൈൻ വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന പദ്ധതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമ്പോഴും സിപിഐ നേതൃത്വത്തിനു മിണ്ടാട്ടമില്ല. കെഎസ്ഇബിയെയും കെഎസ്ആർടിസിയെയും സർക്കാർ തകർക്കുകയാണെന്നും വിമർശനം ഉണ്ടായി.