കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനമായ ദില്ലിയിലും മങ്കി പോക്സ് രോഗബാധ 

single-img
24 July 2022

ദില്ലി : രാജ്യത്ത് കൂടുതല്‍ മങ്കി പോക്സ് കേസുകള്‍ (Monkeypox )റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച്‌ കേന്ദ്രം.

ഇന്ന് മൂന്ന് മണിക്കാണ് ദില്ലിയില്‍ ഉന്നതതല യോഗം ചേരുക. കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനമായ ദില്ലിയിലും മങ്കി പോക്സ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്. ദില്ലിയില്‍ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാള്‍ക്കാണ് രോഗബാധയുണ്ടായത്. ഇക്കാര്യത്തെ വളരെ ജാഗ്രതയോടെയാണ് ആരോഗ്യവിഭാഗം നോക്കിക്കാണുന്നത്. കേരളത്തില്‍ രോഗബാധയുണ്ടായ സാഹചര്യത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ രാജ്യത്താകെ കര്‍ശമായി നടപ്പാക്കിയേക്കും. രോഗബാധ കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കും.

കേരളത്തിന് പിന്നാലെ പശ്ചിമ ദില്ലി സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. രാജ്യത്ത് സ്ഥീരീകരിക്കുന്ന നാലാമത്തെ കേസാണിത്. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ്. പനിയും, ത്വക്കില്‍ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചത്. തുടര്‍ന്നാണ് ഇന്ന് രോഗം സ്ഥീരീകരിച്ചത്. രോഗിയെ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ ചികിത്സച്ചവര്‍ അടക്കം നിരീക്ഷണത്തിലാണ്.

വിദേശയാത്ര ചരിത്രം ഇല്ലാത്തയാള്‍ രോഗബാധിതനായ പശ്ചാത്തലത്തില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂര്‍,മലപ്പുറം സ്വദേശികള്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്. രോഗ പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. ലോകരാജ്യങ്ങള്‍ രോഗപ്പകര്‍ച്ചയ്ക്ക് എതിരെ ജാഗ്രത കൂടുതല്‍ ശക്തമാക്കണമെന്നും ഡബ്ല്യൂ എച്ച്‌ ഒ ആവശ്യപ്പെട്ടു.

ഇതിന് മുന്‍പ് ലോകാരോഗ്യസംഘടന ആഗോള പകര്‍ച്ച വ്യാധിയായി കൊവിഡിനെയാണ് പ്രഖ്യാപിച്ചത്. ചൈനയ്ക്ക് പുറത്ത് വെറും 82 കൊവിഡ് രോഗികള്‍ മാത്രമുള്ളപ്പോഴാണ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപനം ഉണ്ടായത്. കൊവിഡ് പോലുള്ള രോഗപ്പകര്‍ച്ച മങ്കിപോക്സിന്റെ കാര്യത്തില്‍ ഉണ്ടാവില്ല എന്നാണു ഈപ്പോഴും ആഗോള ഗവേഷകര്‍ പറയുന്നത്. ഇതുവരെ ലോകത്ത് ആകെ അഞ്ച് മങ്കിപോക്സ്‌ മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആശ്വാസകരമായാണ് വിലയിരുത്തപ്പെടുന്നത്.