ഒളിവില്‍പ്പോയ വജ്രവ്യാപാരി നീരവ് മോദിയുടെ 253.62 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

single-img
24 July 2022

ന്യൂദല്‍ഹി: ഒളിവില്‍പ്പോയ വജ്രവ്യാപാരി നീരവ് മോദിയുടെ 253.62 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ഇയാളുടെ ഹോങ്കോങ്ങിലെ കമ്ബനികളുടെ സ്വത്തുക്കളാണ് ഇ ഡി പിടിച്ചെടുത്തത്. കണ്ടുകെട്ടിയ ആസ്തികളില്‍ രത്നങ്ങളും ആഭരണങ്ങളും ബാങ്ക് ബാലന്‍സും 30.98 മില്യണ്‍ യുഎസ് ഡോളറും 5.75 മില്യണ്‍ എച്ച്‌കെഡിയും ഉള്‍പ്പെടുന്നു. ഇത് 253.62 കോടി രൂപയ്ക്ക് തുല്യമാണെന്ന് ഇ ഡി പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420, 467, 471, 120-ബി, 1860, അഴിമതി നിരോധന നിയമം, 1988 സെക്ഷന്‍ 13 എന്നിവ പ്രകാരം സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 6,498.20 കോടി രൂപ തട്ടിപ്പ് നടത്തിയ കേസില്‍ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇയാള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രേഖപ്പെടുത്തിയിരുന്നു.

കള്ളപ്പണം സംബന്ധിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇയാളുടെ ഹോങ്കോങ്ങിലെ ആസ്തികള്‍ സ്വകാര്യ നിലവറകളില്‍ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും രൂപത്തിലും ബാങ്ക് ബാലന്‍സുകളിലുമായി കണ്ടെത്തിയത്. ഇന്ത്യയിലും വിദേശത്തുമായി നീരവ് മോദിയുടെയും കൂട്ടാളികളുടെയും 2,396.45 കോടി രൂപയുടെ ജംഗമ, സ്ഥാവര സ്വത്തുക്കള്‍ നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു.

കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഭൗതികമായി കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതിന്റെ ഒരു ഭാഗം ഇതിനകം തന്നെ ഇരകളുടെ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇ ഡി പറഞ്ഞു.ഈ കേസില്‍ നേരത്തെ, നീരവ് മോദിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ പിഎംഎല്‍എ, 2002 പ്രകാരമുള്ള രണ്ട് പ്രോസിക്യൂഷന്‍ പരാതികള്‍ ഇ ഡി പ്രത്യേക കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.