സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ സി പി എം; ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും

single-img
23 July 2022

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ച് സി പി എം. ദേശീയ പതാക ഉയര്‍ത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ ദേശീയ തലത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുമെന്നും കേരളത്തിലും വിവിധ പരിപാടികളുണ്ടാകുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ആഗസ്റ്റ് 15 ന് എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്നും കോടിയേരി വ്യക്തമാക്കി.

സിപിഐയും ഇതേ രീതിയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. സിപിഐയുമായി ചേര്‍ന്ന് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കുന്നതിനും പാര്‍ട്ടിക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് നീക്കം.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാൻ ഭരണ​ഘടനയെ വിമർശിച്ചത്. തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രതിപക്ഷമുൾപ്പെടെ നിരവധിപേർ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ രാജി വെക്കുകയായിരുന്നു. തുടർന്ന് നിയമസഭിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.