ജനസംഖ്യാ നിയന്ത്രണം; പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ നാല് മക്കളുടെ പിതാവായ ബിജെപി എംപി

single-img
22 July 2022

ജനസംഖ്യാ നിയന്ത്രണം എന്ന ആവശ്യവുമായി പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ എത്തിയ ബിജെപി എംപിയും നടനുമായ രവി കിഷൻ മൂന്ന് പെൺകുട്ടികളടക്കം നാലുപേരുടെ പിതാവ്. യുപിയിലെ ഗൊരക്പൂരിൽനിന്നുള്ള എംപിയാണ് ഇദ്ദേഹം.

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്നാൽ മാത്രമാണ് ഇന്ത്യയ്ക്ക് ലോകശക്തിയാകാനാകൂവെന്ന് രവി കിഷൻ ഒരു ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു. ”നമ്മുടെ രാജ്യത്തെ ജനസംഖ്യയെ അടിയന്തരമായി നിയന്ത്രിക്കേണ്ട ഘട്ടത്തിലെത്തിയിട്ടുണ്ട്. ജനസംഖ്യ കുതിച്ചുയർന്ന് ഒരു സ്‌ഫോടനത്തിലേക്കാണ് കുതിക്കുന്നത്.”-അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ ഒരു ബിൽ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുകയും ചെയ്തിട്ടുണ്ട് രവി കിഷൻ. എന്നാൽ കേന്ദ്രസർക്കാർ ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു നിയമനിർമാണവും ആലോചിക്കുന്നില്ലെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ചൊവ്വാഴ്ച രാജ്യസഭയിൽ പറഞ്ഞിരുന്നു.