‘മാധ്യമം’ നിരോധിക്കാൻ കത്തെഴുതിയ കെ ടി ജലീലിന് ഒരു നിമിഷം പോലും എം എൽ എയായി തുടരാൻ അവകാശമില്ല: കെ സുരേന്ദ്രൻ

single-img
22 July 2022

കേരളത്തിൽ മന്ത്രിസഭയിൽ അംഗമായിരിക്കെ സംസ്ഥാനത്തുനിന്നുള്ള ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിദേശ രാജ്യത്തേക്ക് കത്തെഴുതിയ കെ ടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തിന് ഒരു നിമിഷം പോലും എം എൽ എയായി തുടരാൻ അവകാശമില്ലെന്നും രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ ഒരു കത്തെഴുതാൻ അവകാശമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ പറഞ്ഞു.

വിദേശ രാജ്യങ്ങളുടെ കോൺസുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണ് കെ ടി ജലീൽ ഇവിടെ ലംഘിച്ചിരിക്കുന്നത്. ജലീൽ സ്വയം രാജിവെച്ചില്ലെങ്കിൽ നിയമസഭാഗംത്വം റദ്ദാക്കാൻ മുഖ്യമന്ത്രി തയാറാകണം.

അതേപോലെ തന്നെ, വിവാദമായ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി ജലീൽ ബന്ധം പുലർത്തിയിരുന്നുവെന്ന് തെളിഞ്ഞതാണ്. ഈന്തപ്പഴത്തിന്റെ മറവിൽ അദ്ദേഹം സ്വർണം കടത്തിയെന്ന കേസ് നിലവിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത് പതിവാക്കിയ വ്യക്തിയാണ് ജലീൽ. കെടി ജലീലിന്റെ മതേതരത്വം ഒരു മുഖംമൂടി മാത്രമാണെന്നും അതിനാലാണ് രാജ്യത്തെ നിയമങ്ങളെ അദ്ദേഹം ബഹുമാനിക്കാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സ്വർണക്കടത്ത് കേസിൽ അന്വേഷണം തടസപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചതുകൊണ്ടാണ് കേസ് ബെംഗളൂരുവിലേക്ക് മാറ്റാൻ ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത് . പക്ഷെ ഇവിടെ പ്രതിപക്ഷ നേതാവ് ഇ ഡി അന്വേഷിക്കണ്ട കാര്യമില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയെ സഹായിക്കാനാണ്. തന്നെ സഹായിച്ച കാര്യത്തിൽ മുഖ്യമന്ത്രി പരസ്യമായി സതീശനെ പ്രശംസിച്ചിരിക്കുകയാണ്. കെ സുധാകരനും ഇതേ നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.