വിലക്ക് ലംഘിച്ച്‌ കണ്ണൂര്‍ വഴി കേരളത്തിലേക്ക് അനധികൃതമായി കടത്തിയ പന്നിയിറച്ചി പിടികൂടി മൃഗസംരക്ഷണ വകുപ്പിനെ ഏല്‍പ്പിച്ചു

single-img
21 July 2022

കണ്ണൂര്‍: വിലക്ക് ലംഘിച്ച്‌ കണ്ണൂര്‍ കൂട്ടുപുഴ വഴി കേരളത്തിലേക്ക് അനധികൃതമായി കടത്തിയ പന്നിയിറച്ചി പിഗ് ഫാര്‍മേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ പിടികൂടി മൃഗസംരക്ഷണ വകുപ്പിനെ ഏല്‍പ്പിച്ചു.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഹാറിലും ഉള്‍പ്പെടെ വളര്‍ത്തു പന്നികളില്‍ ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ എന്ന വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പന്നിമാംസം ഉള്‍പ്പെടെ കൊണ്ടു വരുന്നതിന് 30 ദിവസത്തേക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് കേരളത്തിലേക്ക് പന്നിയിറച്ചി കടത്തിയത്.

ബിഹാറില്‍ നിന്നും ആന്ധ്രയില്‍ നിന്നും കര്‍ണാടകത്തിലേക്ക് എത്തിക്കുന്ന പന്നികള്‍ കശാപ്പു ചെയ്ത് കേരളത്തിലേക്ക് കടത്തുന്ന സംഘത്തെയാണ് കൂട്ടുപുഴയില്‍ വച്ച്‌ പിഗ്ഗ് ഫാര്‍മേഴ്സ് അസോസിയേഷന്‍ പിടികൂടി മൃഗ സംരക്ഷണ വകുപ്പിനെ ഏല്‍പ്പിച്ചത്. രോഗത്തെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് പന്നി കടത്തുന്നത് തടയാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശം ഉണ്ട്. ഇതിനിടയിലാണ് അനധികൃതമായി പന്നികളെ മലയോരത്തെ ഇറച്ചി കടകളില്‍ എത്തിക്കുന്നത്.

കൂട്ടുപുഴയിലെ ഒരു ഇറച്ചി വില്‍പ്പനശാലയില്‍ പന്നിയിറച്ചി ഇറക്കുന്നതിനിടയില്‍ ആയിരുന്നു ഇവരുടെ വാഹനം ഉള്‍പ്പെടെ പിടികൂടിയത്. തുടര്‍ന്ന് ഈ വാഹനം മൃഗസംരക്ഷണ അതികൃതര്‍ എത്തി ചെക്ക് പോസ്റ്റിലേക്ക് മാറ്റി. ഇരിട്ടിയില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. മലയോരത്തെ വിവിധയിടങ്ങളിലെ ഇറച്ചി കടകളില്‍ നല്‍കാന്‍ കൊണ്ടു പോവുകായിരുന്നു പന്നിയിറച്ചിയെന്ന് അധികൃതര്‍ പറഞ്ഞു. 150 രൂപക്കാണ് ഇവര്‍ ഒരു കിലോ പന്നിയിറച്ചി ഇറച്ചിക്കടകള്‍ക്ക് നല്‍കുന്നത്.
ഈ ഇറച്ചിയാണ് 300 രൂപക്ക് വില്‍പ്പന നടത്തുന്നത്.

പിഗ്ഗ് ഫാര്‍മേഴ്സ് ഭാരവാഹികളായ ജോസ് മാത്യു, സനില്‍ സേവ്യര്‍, ഇ എസ് വിനോദ്, ബിനോയ്, രാജു കേളകം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കര്‍ണ്ണാടകത്തില്‍ നിന്നും പന്നിയിറച്ചിയുമായെത്തിയ വാഹനം തടഞ്ഞ് മൃഗസംരക്ഷണവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചത്. എല്ലാദിവസവും ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ അനധികൃത പന്നി കടത്ത് തടയാന്‍ പരിശോധന നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.