അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ

single-img
21 July 2022
e

ആയൂർ മാർത്തോമ കോളേജിൽ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ. പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രൊ. പ്രിജി കുര്യൻ ഐസക്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) നിരീക്ഷകൻ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഉദ്യോഗസ്ഥർ പറഞ്ഞത് അനുസരിച്ചാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതെന്ന് ജീവനക്കാർ മൊഴി നൽകിയതോടെയാണ് പ്രിജി കുര്യനെയും ഷംനാദിനെയും കസ്റ്റഡിയിലെടുത്തത്. തങ്ങൾ അത്തരത്തിലൊരു നിർദേശം നൽകിയിട്ടില്ലെന്നായിരുന്നു ഇരുവരും ആദ്യം പൊലീസിന് മൊഴി നൽകിയത്. തുടർന്ന് വനിതാ ജീവനക്കാർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.

കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സ്ത്രീകളെ അറസ്റ്റു ചെയ്തിരുന്നു. പരീക്ഷാ കേന്ദ്രമായിരുന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ ശുചീകരണ ജീവനക്കാരായ എസ്.മറിയാമ്മ (46), കെ.മറിയാമ്മ (45), പരിശോധനാ ഡ്യൂട്ടിക്കു സ്വകാര്യ ഏജൻസി വഴിയെത്തിയ ഗീതു (27), ബീന (34), ജ്യോത്സ്ന ജ്യോതി (21) എന്നിവരെയാണു ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് കേസ്.

അതെ സമയം റിമാൻഡിലായ കോളേജിലെ രണ്ട് ശുചീകരണ ജീവനക്കാർക്ക് നിയമസഹായം നൽകാനാണ് കോളജ് മാനേജ്മെന്റിന്റെ തീരുമാനം. കോളജിന് നേരെയുണ്ടായ ആക്രമണങ്ങളുടെ പേരിൽ നാശനഷ്ടങ്ങൾ ഉണ്ടായതിൽ പ്രതികളിൽ നിന്ന് നഷ്ടപരിഹാരം തേടി നിയമനടപടി തുടങ്ങിയെന്ന് കോളജ് സെക്രട്ടറി അറിയിച്ചു.