എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും ഇ – ഓഫീസ് നടപ്പാക്കി; അറിയേണ്ടതെല്ലാം

single-img
21 July 2022

ദില്ലി: എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും ഡിജിറ്റൈസേഷനോ ഇ – ഓഫീസോ നടപ്പാക്കിയതായി ബുധനാഴ്ച ലോക്‌സഭയെ അറിയിച്ചു.

കൂടാതെ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ധനകാര്യ മന്ത്രാലയം, നീതിന്യായ വകുപ്പ്, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, ഭരണ പരിഷ്കാരങ്ങള്‍ ആന്‍ഡ് പൊതു പരാതികള്‍ തുടങ്ങി നിരവധി വകുപ്പുകളെ ആശ്രയിക്കുന്നവര്‍ക്ക് ഇത് സഹായകമാകും.കൂടാതെ വകുപ്പുകളെ സംബന്ധിച്ച അപേക്ഷകളും പരാതികളും പൗരന്‍മാര്‍ക്ക് പോര്‍ട്ടലുകളില്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ലഭിക്കും.കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് സഭയെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. “ഡിജിറ്റല്‍ സെക്രട്ടേറിയറ്റിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളിലും / വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്. മന്ത്രാലയങ്ങളിലെ സെന്‍ട്രല്‍ രജിസ്ട്രി യൂണിറ്റുകളും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്ന്” അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് അംഗങ്ങളുടെ ലോക്കല്‍ ഏരിയ ഡെവലപ്‌മെന്റ് സ്‌കീമിന്റെ ( M P L A D S ) വെബ്‌സൈറ്റില്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് ജോലിയുടെ ഓണ്‍ലൈന്‍ ശുപാര്‍ശകള്‍ നല്‍കാനും അതിന്റെ പുരോഗതി ട്രാക്കുചെയ്യാനും സൗകര്യമൊരുക്കുന്ന സവിശേഷതകളുമുണ്ട്. ഇ-ഓഫീസിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കാനും ജൂണ്‍ 30-നകം അതിലേക്ക് മാറാനും ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ മാസം എല്ലാ വകുപ്പുകളോടും ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.”ഇ-ഓഫീസ് ഡോക്യുമെന്റേഷന്‍ രീതിയും നോട്ടുകള്‍ പോലുള്ള ഫയലിംഗുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും വിവിധ വകുപ്പുകള്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം, കൂടുതല്‍ വകുപ്പുകള്‍ ഈ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി. ഓണ്‍ലൈനില്‍ പ്രോസസ്സ് ചെയ്യുന്ന ഫയലുകളുടെ എണ്ണം വര്‍ദ്ധിച്ചു” ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്കാനറുകള്‍, കമ്ബ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവയുള്ള സെന്‍ട്രല്‍ റെക്കോര്‍ഡ് യൂണിറ്റ് സ്ഥാപിക്കാന്‍ വകുപ്പുകളില്‍ ഇത്തരം സംവിധാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ( ഐടി ) വകുപ്പ് ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഡോക്യുമെന്റേഷനുകളുടെയും നടപടിക്രമങ്ങളുടെയും പേപ്പര്‍ലെസ് മോഡാണ് ഇ – ഓഫീസ്. ഡല്‍ഹി സര്‍ക്കാര്‍ അതിന്റെ എല്ലാ വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും 2015 – ല്‍ ഇ – ഓഫീസ് നടപ്പാക്കാന്‍ അനുമതി നല്‍കിയിരുന്നു. ചില വകുപ്പുകള്‍ ഇത് നടപ്പാക്കിയിരുന്നുവെങ്കിലും മറ്റു പലതും നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയിരുന്നു.