എളമരം കരീമിന്റെ പരാതി; വിനു വി ജോണിനെതിരെ പോലീസ് കേസെടുത്തു

single-img
20 July 2022

ചാനൽ ചർച്ചയ്ക്കിടെ രാജ്യസഭാ എംപിയുമായ ഇളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യനെറ്റ് വാർത്താ അവതാരകന്‍ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇളമരം കരീം നല്‍കിയ പരാതിയിൽ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നുമായിരുന്നു എഫ് ഐ ആറില്‍ പറഞ്ഞത്.

പക്ഷെ തനിക്കെതിരെ പരാതിയുള്ള കാര്യം വിനു വി ജോൺ അറിയുന്നത് പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസ് നിരസിച്ചപ്പോള്‍ മാത്രമാണ് . കേസ് നിലവിലുള്ളതിനാൽ പാസ്പോർട്ട് പുതുക്കി നല്‍കാനാവില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ശിക്ഷാ നിയമം 107, 118, 504, 506 എന്നീ വകുപ്പുകളും കെപി ആക്ടിലെ 120 ഒയും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവയിലെ ചില വകുപ്പുകൾ ജാമ്യം തന്നെ നിഷേധിക്കാന്‍ കഴിയുന്ന വകുപ്പുകളായിരുന്നിട്ടും പ്രതിയായ താന്‍ വിഷയം അറിയുന്നത് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് അനുമതി നിഷേധിച്ചപ്പോള്‍ ആണെന്നും വിനു വി ജോണ്‍ പറയുന്നു.

രാജ്യത്തെ അഖിലേന്ത്യാ പണിമുടക്കിനോടുനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് വൈകീട്ടത്തെ ന്യുസ് അവര്‍ അവതരിപ്പിച്ചപ്പോള്‍ സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറിയായ ഇളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് കേസ് . ഏപ്രിൽ 28നായിരുന്നു പരാതി നൽകിയത്.

ഈ ചർച്ചയ്ക്കിടയിൽ എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു, അപ്പോള്‍ അറിയാമായിരുന്നു പിച്ചലും മാന്തലുമൊക്കെ- എന്നായിരുന്നു വിനു പറഞ്ഞിരുന്നത്.