നടിയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവിന്‍റെ ശബ്ദസാമ്പിള്‍ ശേഖരിച്ചു

single-img
20 July 2022

നടിയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ സ്ഥാനാർഥിയുമായിരുന്ന ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ ശേഖരിച്ചു. ഉല്ലാസ് ബാബുവിനെ കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിൽ എത്തിച്ചാണ് ശബ്ദസാമ്പിളെടുത്തത്.

ദിലീപ് ഡിലീറ്റ് ചെയ്ത ഈ ഓഡിയോ മെസേജ് ഫോറൻസിക് പരിശോധനക്കിടെ പൊലീസിന് ലഭിച്ചിരുന്നു. വിചാരണക്കോടതിയെക്കുറിച്ചും, തേടിയവളളി കാലിൽ ചുറ്റി, എന്ന് തുടങ്ങി കുറെ ശബ്ദ മെസേജുകൾ ആണ് പൊലീസിന് കിട്ടിയത്. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയെക്കുറിച്ചാണ് പിന്നീട് പരാമര്‍ശങ്ങളുള്ളത്. വിചാരണക്കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റുമാണ് ഇതിൽ പറയുന്നത്.

ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. സമാനപ്രശ്നങ്ങളിലുള്ള വേറെ ചില ഓഡിയോകളും ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നില്‍ ഒരു സ്വാമിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണസംഘം തിരിച്ചറിയുകയും അയാളെ തൃശ്ശൂരില്‍ പോയി കാണുകയും ചെയ്തു. സ്വാമിയില്‍ നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്

ഉല്ലാസ് ബാബു ദിലീപിനയച്ച ഓഡിയോ മെസേജ് ആണ് ഇത് എന്ന് തുടർ പരിശോധനയിൽ വ്യക്തമാകുകയിരുന്നു. ഇതേ തുടർന്നാണ് ശാസ്ത്രീയ പരിശോധനകൾക്കായി ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ ശേഖരിച്ചത്.