24 ന്യൂസ് വാര്‍ത്താ സംഘത്തിന് നേർക്ക് തോക്ക് ചൂണ്ടി ഭീഷണി; രണ്ട് പേര്‍ കോട്ടയത്ത് അറസ്റ്റില്‍

single-img
20 July 2022

കോട്ടയം നഗരത്തിൽ . 24 ന്യൂസ് വാര്‍ത്താ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ആക്രമണം . ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടകം സിമന്റ് കവലയില്‍ എംസി റോഡില്‍ വെച്ച് 24 ന്യൂസ് വാര്‍ത്താ സംഘത്തിന്റെ കാറും അക്രമികളുടെ കാറും തമ്മില്‍ തട്ടിയത് ചോദ്യം ചെയ്തപ്പോള്‍ ഗുണ്ടാസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് രണ്ട് പേര്‍ അറസ്റ്റിലായി. അക്രമികളുടെ സംഘം മദ്യലഹരിയിലായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോട്ടയത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനല്‍ സംഘത്തിന്റെ കാറില്‍ ഇടറോഡില്‍ നിന്ന് പിന്നോട്ട് എടുത്ത് വന്ന അക്രമികളുടെ കാര്‍ ഇടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വാഹനം ശ്രദ്ധിച്ച് ഓടിക്കൂ എന്ന് പറഞ്ഞ വാര്‍ത്താ സംഘത്തിന് നേരെ വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ തോക്കുമായി ചാടിയിറങ്ങുകയായിരുന്നു.

ഇയാൾ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്രതീക്ഷിത നടപടിയിൽ ഭയന്നുപോയ വാര്‍ത്താസംഘം ഉടന്‍ തന്നെ വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
തുടർന്ന് ഇവർ പരാതി നല്‍കിയതിനേത്തുടര്‍ന്ന് ചിങ്ങവനം പൊലീസാണ് മണിക്കൂറുകള്‍ക്കിടെ ഗുണ്ടാസംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കലുണ്ടായിരുന്ന തോക്കും പൊലീസ് പിടിച്ചെടുത്തു.