പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതും ചര്‍ച്ചകളില്‍ നിന്നൊളിച്ചോടുന്നതുമാണ് ‘അണ്‍പാര്‍ലമെന്ററി’ : രാഹുൽ ഗാന്ധി

single-img
19 July 2022

പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതും ചര്‍ച്ചകളില്‍ നിന്നൊളിച്ചോടുന്നതുമാണ് ‘അണ്‍പാര്‍ലമെന്ററി’ എന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി.

ജിഎസ്ടിയുടെ വര്‍ധന, തുടർച്ചയായ വിലക്കയറ്റം, രൂപയുടെ മൂല്യം ഇടിവ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിനെ വിമര്‍ശിച്ച് സംസാരിക്കവെയാണ് രാഹുലിന്റെ ഈ പരാമര്‍ശം. പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ എത്ര വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാലും ഈ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് 80ന് മുകളിലെത്തി, ഗ്യാസിന്റെ വില 1000 കടന്നു, ജൂണിലെ കണക്കനുസരിച്ച് 1.3 കോടി ജനങ്ങളാണ് തൊഴില്‍രഹിതരായുള്ളത്. ഇപ്പോള്‍ ഭക്ഷ്യ ധാന്യങ്ങളില്‍ പോലും ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നു. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷത്തെ തടയാന്‍ ആര്‍ക്കുമാകില്ല. സര്‍ക്കാരിന് ഉത്തരം പറയേണ്ടി വരുമെന്നും ചോദ്യങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ഒളിച്ചോടുന്നതാണ് ഏറ്റവും വലിയ പാര്‍ലമെന്റ് വിരുദ്ധത’യെന്നും രാഹുൽ ട്വിറ്ററിൽ എഴുതി.