അതിവേഗത്തിൽ ഒരു നാലമ്പല ദർശനം

single-img
17 July 2022

രാമായണ മാസത്തിലെ നാലമ്പല ദർശനം ഏറ്റവും പുണ്യമായി കാണുന്ന ഒന്നാണ്. ഒരേ ദിവസം തന്നെ രാമ-ലക്ഷ്മണ-ഭരത-ശത്രുഘ്ന ക്ഷേത്രങ്ങൾ ഉച്ചക്ക് മുൻപേ ദർശിച്ച് പ്രാർഥിച്ചാൽ കർക്കടക മാസത്തിലെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാവും എന്നാണ് കരുതുന്നത്. രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണ് നാലമ്പല ദർശനത്തെ കണക്കാക്കുന്നത്. നാലിടത്തായി നാലമ്പല ദർശനമുണ്ട്. തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലാണ് നാലമ്പല ദർശനത്തിന് സൗകര്യമുള്ളത്. തൃശൂർ – എറണാകുളം ഭാഗത്തുള്ള നാലമ്പല ദർശനം ആണ് ഏറ്റവും പ്രചാരത്തിലുള്ളത്. അവധി ദിവസങ്ങളിൽ പതിനായിരക്കണക്കിന് ആൾക്കാർ ആണ് ഇവിടെ ദർശനം നടത്താൻ എത്തുന്നത്. രണ്ട് ജില്ലകളിലായി കിടക്കുന്നതിനാൽ തന്നെ നാല് അമ്പലങ്ങളിലും ഉച്ചക്ക് മുൻപേ ദർശനം പൂർത്തിയാക്കി മടങ്ങുക എന്നത് ശ്രമകരമായ ഒന്നാണ്. എന്നാൽ ജോലിത്തിരക്കുകൾക്കിടയിൽ അധിക സമയം മാറ്റിവെക്കാതെ നാലമ്പല ദർശനം നടത്താൻ സാധിക്കുംവിധം ആണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ സ്ഥിതി ചെയ്യുന്നത്.

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ. ഇവിടെ ക്ഷേത്രങ്ങളെല്ലാം നാല് കിലോമീറ്റർ ചുറ്റളവിലാണുള്ളത്. രാമപുരത്തുനിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി അമനകരയിൽ ഭരതനും, അത്രയും ദൂരം പടിഞ്ഞാറുമാറി കൂടപ്പുലത്ത് ലക്ഷ്മണനും, അത്രയും ദൂരം വടക്കുകിഴക്കുമാറി മേതിരിയിൽ ശത്രുഘ്നനും കുടികൊള്ളുന്നു.രാമപുരത്തുനിന്ന് തുടങ്ങുന്ന ദർശനം കൂടപ്പുലം, അമനകര, മേതിരി എന്ന ക്രമത്തിൽ പോയി അവസാനിയ്ക്കുന്നു. ആദ്യത്തെ നാലമ്പലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏതാനും മിനിറ്റുകൾക്കുള്ളിൽ ദർശനം കഴിച്ചുപോരാം എന്നൊരു സൗകര്യവുമുണ്ട്.

ഐതീഹ്യം

സീതാദേവിയുടെ ദേഹവിയോഗത്തിനുശേഷം അയോധ്യ വിട്ട ശ്രീരാമൻ സീതാന്വേഷണത്തിന് താൻ സഞ്ചരിച്ച വഴിയിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ച് ഇവിടെയെത്തി. ചുറ്റും കാടും മലയും നിറഞ്ഞ, കിഴക്കുഭാഗത്ത് നദിയും പടിഞ്ഞാറുഭാഗത്ത് പാടവുമുള്ള അതിമനോഹരമായ അന്തരീക്ഷം കണ്ട ഭഗവാൻ സമീപത്തുകണ്ട ഒരു ആൽമരത്തിന്റെ ചുവട്ടിൽ വിശ്രമിച്ചു. തുടർന്ന് ഇവിടെത്തന്നെ സാന്നിദ്ധ്യമാകാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ, ഈ സ്ഥലത്തിന് രാമപുരം എന്ന പേരുവന്നു.

ഇതിനിടയിൽ, ജ്യേഷ്ഠനെ കാണാത്തതിനെത്തുടർന്ന് ലക്ഷ്മണനും ഭരതനും ശത്രുഘ്നനും ഒന്നിച്ച് അന്വേഷണം ആരംഭിച്ചു. ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ അവർ ഇവിടെയെത്തി ജ്യേഷ്ഠനെ കാണുകയുണ്ടായി. മൂവരും ജ്യേഷ്ഠനെ വണങ്ങി അടുത്തുതന്നെ വാഴാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീരാമൻ അനുജന്മാരോട് തങ്ങൾക്കിഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്ത് അവിടെ താമസിയ്ക്കാൻ പറഞ്ഞു. അങ്ങനെ ലക്ഷ്മണൻ കൂടപ്പുലത്തും, ഭരതൻ അമനകരയിലും ശത്രുഘ്നൻ മേതിരിയിലും താമസമുറപ്പിച്ച എന്നാണ് ഐതീഹ്യം.

മറ്റു ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടത്തെ വഴിപാടുകൾക്കും സവിശേഷതകളേറെയാണ്. ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അമ്പും വില്ലും ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ ചതുർബാഹു, ഭരതസ്വാമി ക്ഷേത്രത്തിൽ ശംഖ്, ശത്രുഘ്നസ്വാമി ക്ഷേത്രത്തിൽ ശ്രീചക്രം തുടങ്ങിയവയാണ് വഴിപാടായി സമർപ്പിക്കുന്നത്.

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹു മഹാവിഷ്ണുവായി കുടികൊള്ളുന്ന വിഷ്ണുവിന്റെ സപ്തമാവതാരമായ ശ്രീരാമസ്വാമിയാണ്. വിഗ്രഹരൂപം പൂർണ്ണമായും മഹാവിഷ്ണുവിന്റേതാണ്. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി ഗദയും മുന്നിലെ വലതുകയ്യിൽ താമരയും കാണാം. പട്ടാഭിഷേകസമയത്തെ ശ്രീരാമനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. അതിനാൽ, ഏറ്റവും മംഗളകരമായ ഭാവത്തിലാണ് ഭഗവാൻ ഇവിടെ കുടികൊള്ളുന്നത്. കൂടാതെ ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, സീതാദേവി, ഹനുമാൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവരും കുടികൊള്ളുന്നുണ്ട്. ശ്രീകോവിലിന്റെ വടക്കുവശത്ത് ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യവുമുണ്ട്. ലക്ഷ്മിയുടെ അവതാരവും ശ്രീരാമപത്നിയുമായ സീതാദേവിയായാണ് പ്രതിഷ്ഠയെ കണ്ടുവരുന്നത്.

തൃപ്രയാറിലേതുപോലെ ഇവിടെയും മീനൂട്ട് വഴിപാട് നടത്തിവരുന്നുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാട് പന്തീരുനാഴി പാൽപ്പായസമാണ്. മറ്റൊരു പ്രധാന വഴിപാട് കോദണ്ഡ സമർപ്പണമാണ്. ശ്രീരാമന്റെ വില്ലിന്റെയും രൂപം നിർമ്മിച്ച് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. മുല്ലമാല, തുളസിമാല, താമരമാല, എണ്ണയഭിഷേകം തുടങ്ങിയവയാണ് ക്ഷേത്രത്തിലെ മറ്റ് പ്രധാന വഴിപാടുകൾ. ഹനുമാൻ സ്വാമിയ്ക്ക് ഗദയൊപ്പിയ്ക്കുന്നതും പ്രധാന വഴിപാടാണ്. ശിവന് ധാരയും ഗണപതിയ്ക്ക് ഒറ്റയപ്പവും മോദകവും ഭദ്രകാളിയ്ക്ക് മണ്ഡലത്തിൽ കളമെഴുത്തും പാട്ടും ഗുരുതിയുമാണ് പ്രധാനം. നാഗദൈവങ്ങൾക്ക് നിത്യേന നൂറും പാലും യക്ഷിയ്ക്ക് വറപൊടി നിവേദ്യം, അവിൽ നിവേദ്യം, സുന്ദരകാണ്ഡം പാരായണം, കളഭാഭിഷേകം, വെടി വഴിപാട് തുടങ്ങിയവയും ക്ഷേത്രത്തിൽ നടന്നുവരുന്നുണ്ട്.

കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം

രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ഏകദേശം ആറ് മിനിറ്റ് ദൈർഘ്യമുള്ള യാത്രയാണ് കൂടപ്പുലം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലേക്കുള്ളത്. രാമപുരത്തു നിന്ന് ഉഴവൂർ റൂട്ടിലാണു കൂടപ്പുലം ലക്ഷ്മണക്ഷേത്രം.ചതുർബാഹു വിഗ്രഹത്തിലാണു ലക്ഷ്മണചൈതന്യം. ലക്ഷ്മണ സ്വാമിക്ക് അരമണി സമർപ്പിച്ചാൽ സന്താനലബ്ധിയുണ്ടാകുമെന്നാണു വിശ്വാസം. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ തട്ടങ്ങളിൽ സമര്‍പ്പിക്കുന്ന ചതുര്‍ബാഹ വഴിപാടാണ് ഇവിടെ സമര്‍പ്പിക്കേണ്ടത്. ശംഖ് രോഗശമനത്തിന്റെയും ചക്രം പാപനാശത്തിന്റെയും ഗദ ദീർഘായുസ്സിന്റെയും പത്മം സർവൈശ്വര്യത്തിന്റെയും സൂചകങ്ങളാണ്.

അമനകര ഭരത ക്ഷേത്രം

രാമപുരം – കൂത്താട്ടുകുളം റൂട്ടിലാണ് അമനകര ഭരതക്ഷേത്രം. കുന്നുകളുടെ ഇടയില്‍ താഴ്ന്ന ദിക്കായതുകൊണ്ടാണ് അമനകര എന്ന പേര് ലഭിച്ചതെന്നാണ് ഭൂമിശാസ്ത്രനിഗമനം. ഭരതകരയാണ് അമനകരയായി മാറിയതെന്നാണ് തദ്ദേശവാസികളുടെ വിശ്വാസം. ശംഖുപൂജയാണു പ്രധാന വഴിപാട്.കർക്കടക മാസത്തിലെ കറുത്തവാവു ദിനത്തിൽ ആചാരപ്രകാരമുള്ള നമസ്കാര ഊട്ടും നടത്തുന്നു. ശ്രീരാമ – ഭരത ആറാട്ടു നടക്കുന്ന കുളത്തിൽ മീനൂട്ടു വഴിപാടുണ്ട്.

മേതിരി ശത്രുഘ്ന ക്ഷേത്രം

അമനകരയിൽ നിന്ന് ഒരു കിലോമീറ്റർ സ‍ഞ്ചരിച്ചാൽ മലനിരയുടെ താഴ്വാരത്താണ് ശത്രുഘ്ന ക്ഷേത്രം. മേല്‍ തിരിവ് എന്ന വാക്ക് ലോപിച്ചുണ്ടായതാണത്രേ മേതിരി. പടിഞ്ഞാറു ഭാഗമെന്നും മേതിരിക്ക് അര്‍ത്ഥമുണ്ട്. ചതുരാകൃതിയിലുള്ള ശത്രുഘ്‌ന ക്ഷേത്രത്തിന്റെ മേല്‍ക്കൂരവരെ കരിങ്കല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് ചൈതന്യ സങ്കൽപങ്ങളാണ് വിഗ്രഹത്തിന്റെ പ്രത്യേകത. ഉച്ചപ്പൂജ വരെ ശത്രുഘ്ന സങ്കൽപവും ഉച്ചയ്ക്കു ശേഷം സന്താനഗോപാല സങ്കൽപവും. ഉച്ചപ്പൂജ വരെയേ ശത്രുഘ്ന സങ്കൽപമുള്ളൂ എന്നതുകൊണ്ടാണ് നാലമ്പല ദർശനം ഉച്ചപ്പൂജയ്ക്കു മുൻപെന്ന ആചാരം നിലനിൽക്കുന്നത്. ശ്രീചക്രമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കുട്ടികളെ രോഗങ്ങളിൽനിന്നു രക്ഷിക്കുന്നതിനായി തൊട്ടിൽ സമര്‍പ്പണവും നടത്തിവരാറുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കു വശത്തായി ശ്രീപോർക്കലി ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശത്രുഘ്ന സ്വാമിയെ ദർശിച്ചതിന് ശേഷം ശ്രീപോർക്കലി ദേവിയെ കൂടി ദർശിക്കണം എന്നുള്ളതാണ് ആചാരം.

രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനു ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു.