രാജ്യത്തെ കൊവിഡ് വാക്സിന്‍ വിതരണം 200 കോടിയിലേക്ക്

single-img
16 July 2022

രാജ്യത്തെ കൊവിഡ് വാക്സിന്‍ വിതരണം 200 കോടിയിലേക്ക്. 17 മാസംകൊണ്ടാണ് നിര്‍ണായക നേട്ടം. അതേസമയം കൊവിഡ് കേസുകള്‍ ഇന്നും ഇരുപതിനായിരത്തിന് മുകളില്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,044 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

28.15 ലക്ഷം ഡോസുകള്‍ കൂടി വിതരണം ചെയ്താല്‍ രാജ്യത്തെ കൊവിഡ് വാക്സിന്‍ വിതരണം 200 കോടിയെന്ന നാഴികക്കല്ലില്‍ എത്തും. 200 കോടിക്കായുള്ള കൗണ്ട്ഡൗണും ആരംഭിച്ചു. കോവാക്സീന്‍, കോവിഷീല്‍ഡ്, സ്പുട്നിക്, കോവോവാക്സ്,കോര്‍ബെവാക്സ്, സൈക്കോവ് ഡി എന്നീ വാക്സിനുകളാണ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി രാജ്യത്ത് വിതരണം ചെയ്യുന്നത്.

കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസുകള്‍ സൗജന്യമായി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ മൂന്നാംദിവസവും ഇരുപതിനായിരത്തിന് മുകളിലാണ്.

24 മണിക്കൂറിനിടെ 20,044 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.80 ശതമാനമായി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ കോവിസ് കേസുകള്‍.

3000 ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 5 ദിവസമായി 20 ശതമാനത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും 2000 ത്തിന് മുകളിലാണ് കോവിഡ് കേസുകള്‍.