പ്രതിഷേധം നടത്തുന്നത് ഒരു ചെറുപ്പക്കാരന്റെ കൊലയെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് ന്യായീകരിച്ചവര്‍: പി രാജീവ്

single-img
15 July 2022

സഭക്കുള്ളിൽ എം എം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം നടത്തുന്നവർ ഒരു ചെറുപ്പക്കാരന്റെ കൊലയെ ‘ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന്’ ന്യായീകരിച്ചവരാണെന്ന് മന്ത്രി പി രാജീവ്. നിയമസഭയില്‍ കെകെ രമയ്‌ക്കെതിരായി എംഎം മണി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളത്തിനിടെ ആയിരുന്നു മന്ത്രി പി രാജീവ് എം മണിയെ പിന്തുണച്ചു രംഗത്ത് വന്നത്.

‘ഒരു കോളേജ് വിദ്യാര്‍ത്ഥിയായ ചെറുപ്പക്കാരന്റെ കൊലപാതകത്തെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് ന്യായീകരിച്ചരാണ് ഇവിടെയിരുന്ന് ഇങ്ങനെ പറയുന്നത്’ എന്നായിരുന്നു മന്ത്രി പി രാജീവിന്റെ പ്രസ്താവന.

എന്നാൽ സഭയില്‍ നടന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, സഭയ്ക്ക് പുറത്ത് നടന്ന കാര്യത്തിലല്ലല്ലോ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു പി രാജീവിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി.

പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. എം എം മണിയുടെ ക്രൂരമായ വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നിയമസഭയില്‍ ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭക്ക് പുറത്തും ആവശ്യപ്പെട്ടു.