രാജ്യത്ത് 15 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍

single-img
15 July 2022

ഡല്‍ഹി: രാജ്യത്ത് 15 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്സിന്‍ വിതരണം ആരംഭിക്കുന്നത്. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ 75 ദിവസം സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 75 ദിവസം നീണ്ടു നില്‍ക്കുന്ന വാക്സിനേഷന്‍ ഡ്രൈവിനാണ് ഇന്ന് തുടക്കമാകുന്നത്. രാജ്യത്ത് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച 15 വയസിനും 59 വയസിനും ഇടയില്‍ പ്രായമുള്ള 77 കോടി ആളുകള്‍ ഉണ്ട്. ഇതില്‍ 1% ആളുകള്‍ മാത്രമാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവരിലേക്ക് വാക്സിന്‍ എത്തിക്കാനാണ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

60 വയസിനു മുകളില്‍ പ്രായം ഉള്ളവരും കോവിഡ് മുന്‍നിര പോരാളികളും ഉള്‍പ്പെടെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച 16 കോടി പേരില്‍ 26 ശതമാനം മാത്രമാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. ഇവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ഐസിഎംആര്‍ പഠനം അനുസരിച്ച്‌ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച രാജ്യത്തെ 87 ശതമാനം ആളുകളില്‍ ഭൂരിഭാഗവും രണ്ടാം ഡോസ് സ്വീകരിച്ച്‌ 9 മാസം ഇതിനോടകം പിന്നിട്ടു.

പുതിയ തരംഗത്തിന്‍റെ ഫലമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഇന്നലെ 20000 പിന്നിട്ടിരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം ഉണ്ടാകുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.