അഭിനയത്തിൽ ഇടവേളകൾക്ക് കാരണം ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്നത് മാത്രം: നസ്രിയ

single-img
14 July 2022

അടുത്തകാലത്തായി മലയാളത്തിൽ അഭിനയത്തിൽ സിനിമയിൽ സജീവമല്ലായിരുന്നു മലയാളികളുടെപ്രിയനടി നസ്രിയ . ഇവരുടെ ആദ്യ തെലുങ്ക് ചിത്രമായ ‘ആഹാ സുന്ദരാ’ കഴിഞ്ഞയിടെയാണ് റിലീസ് ചെയ്തത്. ഇപ്പോൾ ഓടിടി നെറ്റ്ഫ്ലിക്സിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

അതേസമയം, മലയാളത്തിലെ ദീർഘമായ ഈ ഇടവേള തീരുമാനിച്ചെടുത്തതല്ലെന്ന് വ്യക്തമാക്കുകയാണ് താരം. ഓണലൈൻ വീഡിയോ മാധ്യമമായ സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് നസ്രിയ അതിന്റെ കാരണങ്ങൾ വെളിപ്പെടുത്തിയത് .

സിനിമകളുടെ ധാരാളം കഥകൾ കേൾക്കുന്നുണ്ടെന്നും ഇഷ്ടപ്പെടുന്ന കഥകളാണെങ്കിൽ തീർച്ചയായും ഓക്കേ പറയുമെന്നും നസ്രിയ പറയുന്നു. ചിലപ്പോഴെല്ലാം വലിയ ഇടവേളകൾ വേണ്ടിവന്നത് ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താൽ മാത്രമാണെന്നും നസ്രിയ വ്യക്തമാക്കി. തന്നെ ഒരുതരത്തിലും എക്സൈറ്റ് ചെയ്യിപ്പിക്കാത്ത അല്ലെങ്കിൽ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കേ പറയാറില്ലെന്നും അങ്ങനെയാണ് ഇടവേളകൾ ഉണ്ടാകുന്നതെന്നും നസ്രിയ പറയുന്നു.

അതേസമയം, ഓം ശാന്തി ഓശാനയിലെപ്പോലെ ലേശം കുറുമ്പുള്ള കഥാപാത്രം തേടി വന്നാല്‍ ഇനിയും ചെയ്യുമെന്നും നസ്രിയ പറഞ്ഞു. തെലുങ്ക് സിനിമ എന്നത് വലിയ ഇൻഡസ്ട്രിയാണെന്നും അതിന്റേതായ മാറ്റങ്ങൾ അവിടെയുണ്ടെന്നും നസ്രിയ അഭിപ്രായപ്പെടുന്നു. മലയാള സിനിമയെ അപേക്ഷിച്ച് തെലുങ്കിൽ ചിത്രീകരണ സമയം വളരെ കുറവാണെന്നും ഞായറാഴ്ചകൾ അവധിയുമാണെന്നും നസ്രിയ കൂട്ടിച്ചേർത്തു.