സുധാകരന്‍ സ്ഥാനമേറ്റെടുത്തപ്പോള്‍ ഉണ്ടായ ആവേശം ഇപ്പോഴില്ല: വി ഡി സതീശൻ

single-img
14 July 2022

ഇന്നലെ നടന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ കെ സുധാകരനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. വി ഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കളാണ് കെ സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.

കെ സുധാകരന്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ ആവേശം അടുത്തിടെ നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു എന്നാണു വിവരം. വി ഡി സതീശനെ കൂടാതെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പ്രതാപവര്‍മ്മ തമ്പാന്‍, പഴകുളം മധു, ദീപ്തി മേരി വര്‍ഗീസ്, എംഎം നസീര്‍ എന്നിവരാണ് സുധാകരനെ വിമര്‍ശിച്ചതെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

സംസ്ഥാന അദ്ധ്യക്ഷനായ സുധാകരന്റെ സാന്നിദ്ധ്യം പാര്‍ട്ടി സംസ്ഥാന സമിതി ഓഫീസായ ഇന്ദിരാ ഭവനില്‍ തീരെ ഇല്ലാത്തതിനാൽ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുന്നത് രണ്ടാം-മൂന്നാം നിര നേതാക്കളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടി നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെയും കൊണ്ടുവരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ജൂലൈ 24, 25 തിയ്യതികളിലായി നടക്കുന്ന സംസ്ഥാന ചിന്തന്‍ ശിവിര്‍ യോഗത്തിന്റെ സംഘാടനത്തിനായി ഉപസമിതിയെയും യോഗം തെരഞ്ഞെടുത്തു. യോഗത്തില്‍ ‘137 ചലഞ്ച്’ പ്രകാരം കോണ്‍ഗ്രസ് സംസ്ഥാന സമിതിക്ക് ലഭിച്ച ധനത്തിന്റെ കണക്കും യോഗത്തില്‍ അവതരിപ്പിച്ചെന്നാണ് വിവരം. ജില്ലാ കമ്മറ്റികള്‍ക്കുള്ള വിഹിതം നല്‍കിയതിന് ശേഷം ഏതാണ്ട് 4.5 കോടി രൂപയാണ് സംസ്ഥാന സമിതിക്ക് ലഭിച്ചത്.