നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി; ആർ ശ്രീലേഖയോട് തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ എന്ന വെല്ലുവിളിയുമായി നികേഷ് കുമാർ

single-img
11 July 2022

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം യൂടൂബ് ചാനലിലൂടെ നടത്തിയ മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖയെ പരസ്യമായ അഭിമുഖത്തിന് വെല്ലുവിളിച്ച് മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് ഡയറക്ടറുമായ എം വി . നികേഷ് കുമാര്‍.

സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു നികേഷിന്റെ ഈ വെല്ലുവിളി. നികേഷ് എഴുതിയത് ഇങ്ങിനെ: ”ശ്രീലേഖ യൂട്യൂബ് വെളിപ്പെടുത്തല്‍, ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി. പറയുന്നത് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യും. ടി.വിയിലും സോഷ്യല്‍ മീഡിയയിലും,”

അതേസമയം, ദിലീപിന് അനുകൂലമായ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ലെന്ന് മുന്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) ടി. അസഫലിയും പറഞ്ഞിരുന്നു. മാത്രമല്ല, ഇവരുടെ വെളിപ്പെടുത്തലുകള്‍ കോടതിയലക്ഷ്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.