അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ വംശജനോ: ഇന്ത്യൻ വംശജനായ ഋഷിസുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആയേക്കും

single-img
8 July 2022

ലണ്ടന്‍: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായേക്കും.

ചതിയില്‍ വീണു പുറത്തായ ബോറിസ് ജോണ്‍സന് പിന്‍ഗാമിയാകാന്‍ ഇന്ത്യന്‍ വംശജനായ ഋഷിസുനകിന് ബ്രിട്ടനില്‍ കളം ഒരുങ്ങുന്നതായാണ് സൂചന. ഋഷി സുാക്ക് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്ന സൂചനയാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ബോറിസ് ജോണ്‍സന്റെ പടിയിറക്കത്തിലേക്കു നയിച്ച രാജിപരമ്ബരയ്ക്ക് തുടക്കമിട്ടത് ഋഷി സുനക്കായിരുന്നു. ബോറിസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഋഷി സുനാക്കാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവച്ചത്. ഇതിന് പിന്നാലെ പത്തോളം മന്ത്രിമാര്‍ രാജിവയ്ക്കുകയും അത് ബോറിസിന്റെ രാജിയില്‍ കലാശിക്കുകയും ആയിരുന്നു.

എന്തായാലും ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതോടെ പിന്‍ഗാമിയായി ഋഷി വരുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ജനങ്ങള്‍ക്ക് പ്രിയങ്കരനായ ഋഷി സുനാക്ക് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിജയിച്ചാല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും ഋഷി സുനാക്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനാകിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നിയമിച്ചത്.

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളും ബോറിസ് രാജിവച്ചു. പുതിയ ഭരണാധികാരി വരുംവരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരും. പാക്കിസ്ഥാന്‍ വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവീദും ഋഷിക്കൊപ്പം രാജിവച്ചിരുന്നു. മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗികാരോപണ പരാതി ഉയര്‍ന്നതും ഇയാളെ തന്നെ സര്‍ക്കാരിലെ പ്രധാനസ്ഥാനത്തേക്കു പരിഗണിച്ചതും മന്ത്രിമാരുടെ അതൃപ്തിക്കു കാരണമായി. ബോറിസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഋഷി സുനാക്ക്. പത്തോളം മന്ത്രിമാര്‍ ഇന്നു രാജിവച്ചതോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സ്ഥാനമൊഴിഞ്ഞത്

കോവിഡ് പ്രതിസന്ധികാലത്ത് ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ഋഷി നടപ്പാക്കിയ പദ്ധതികള്‍ അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചു. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ മരുമകനായ സുനാക്കിന്റെ കുടുംബം പഞ്ചാബില്‍നിന്ന് കുടിയേറിയവരാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചാണ് ഋഷി മന്ത്രിസ്ഥാനം രാജിവച്ചത്.

ടോറി പാര്‍ട്ടി കോണ്‍ഫറന്‍സിനു മുന്‍പ് പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തിയേക്കും. ടോറികള്‍ക്കു ഭൂരിപക്ഷമുള്ള ബ്രിട്ടനില്‍ പുതിയ പ്രധാനമന്ത്രിയും ടോറി പാര്‍ട്ടിയില്‍നിന്നുതന്നെയാകും. എന്തായാലും പ്രധാനമന്ത്രിക്ക് എതിരായ കലാപത്തിന് തുടക്കം കുറിച്ചത് ഋഷിയുടെ രാജിയോടെയാണ്. എന്തായാലും വീടിനു മുന്നില്‍ തമ്ബടിച്ച മാധ്യമ പ്രവര്‍ത്തകരെ ഋഷിയുടെ ഭാര്യ അക്ഷിതാ മൂര്‍ത്തി സല്‍ക്കരിച്ചതടക്കം ഇപ്പോള്‍ വാര്‍ത്തയായി മാധ്യമങ്ങളില്‍ നിറയുകയാണ്.

സര്‍ക്കാരില്‍ നിന്നും രാജി വച്ചൊഴിഞ്ഞതിനുശേഷം ഋഷി സുനക് ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുമെന്ന് പ്രതീക്ഷിച്ച്‌ അദ്ദേഹത്തിന്റെ ലണ്ടന്‍ വസതിക്ക് പുറത്ത് നിരവധി റിപ്പോര്‍ട്ടര്‍മാരാണ് ക്യാമ്ബ് ചെയ്തത്. ഈ സമയം മുന്‍ ചാന്‍സലറുടെ ഭാര്യ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ലഘുഭക്ഷണം എടുക്കുവാന്‍ പോവുകയായിരുന്നു. ഒരു ഇന്ത്യന്‍ ശതകോടീശ്വരന്റെ മകളായ അക്ഷിത മൂര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരു ട്രേയില്‍ ചൂടു ചായയും കാപ്പിയും മഒരു പാത്രത്തില്‍ കശുവണ്ടിയും ബിസ്‌ക്കറ്റും കൊണ്ടുപോകുന്നതാണ് വാര്‍ത്തയായി പുറത്തു വന്നിരിക്കുന്നത്.

മുന്‍പ് 2018ല്‍ ഓക്സ്ഫോര്‍ഡ് ഷെയറിലെ വീടിനു പുറത്ത് തമ്ബടിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബോറിസ് ജോണ്‍സണും ചായയും പലഹാരങ്ങളും വിതരണം ചെയ്തിരുന്നു. ബുര്‍ക്ക ധരിച്ച മുസ്ലിം സ്ത്രീകളെ ലെറ്റര്‍ ബോക്സുകളുമായും ബാങ്ക് കൊള്ളക്കാരുമായും താരതമ്യപ്പെടുത്തി ജോണ്‍സണ്‍ വിവാദം നേരിടുന്നതിനിടെയായിരുന്നു അത്. മേരി ആര്‍ച്ചറും തന്റെ ഭര്‍ത്താവ് സര്‍ ജെഫ്രി ആര്‍ച്ചര്‍ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്നതിനിടെ കേംബ്രിഡ്ജ്ഷെയറിലെ തന്റെ വീടിന് പുറത്ത് ഒത്തുകൂടിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചായ കൊണ്ടുവന്ന് പ്രശസ്തയായിരുന്നു.

അതേസമയം, അക്ഷിതാ മൂര്‍ത്തിയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉയര്‍ന്നു വന്ന നോണ്‍-ഡോം ടാക്സ് പദവിയെച്ചൊല്ലിയുള്ള തര്‍ക്കം, ബോറിസ് ജോണ്‍സനു പകരം പ്രധാനമന്ത്രി പദത്തിലേറാനുള്ള ഋഷി സുനകിന്റെ പ്രതീക്ഷകളെ മാരകമായി തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ സാജിദ് ജാവിദ് ആരോഗ്യ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെ മിനിറ്റുകള്‍ക്കുള്ളില്‍ സുനക് ക്യാബിനറ്റില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനം എടുത്തത് ചില ടോറി എംപിമാര്‍ക്കിടയില്‍ പ്രതീക്ഷകള്‍ വളര്‍ത്താന്‍ ഋഷി സുനകിനെ സഹായിച്ചിരിക്കാം എന്നാണ് കരുതുന്നത്.