ബെന്‍സ് കാറിൽ വന്ന നിർമാതാവ് ഇന്ന് ഓട്ടോറിക്ഷയിൽ; കോടികൾ സമ്പാദിക്കുന്നത് താരങ്ങൾ: സജി നന്ത്യാട്ട്

single-img
8 July 2022

സിനിമയിലെ സൂപ്പർ താരങ്ങൾ കോടികൾ മുടക്കി ആഡംബര വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ ബെൻസ് കാറിൽ വന്നിരുന്ന നിർമാതാക്കൾ ഇപ്പോൾ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്യുന്നതെന്ന് ഫിലിം ചേംബർ സെക്രട്ടറി സജി നന്ത്യാട്ട് . ഓ.ടി.ടി എന്നത് ഇന്ത്യൻ സിനിമയുടെ തന്നെ ശാപമാണെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം ഒരു മാധ്യമത്തിനോട് സംസാരിക്കവെ വ്യക്തമാക്കി.

ഏകദേശം ഒരു കോടി രൂപ മുടക്കുന്ന ഒരു സിനിമയ്ക്ക് ആറോ, ഏഴോ കോടി കളക്ഷൻ തിയേറ്ററിൽ വന്നാലേ മുതലാകുകയുള്ളൂ. മലയാള സിനിമയ്ക്ക് ഗുണമായി മാറും എന്ന് പ്രതീക്ഷിച്ചിരുന്ന ഒ.ടി.ടിയിൽ ആകെ പോകുന്നത് ബി​ഗ് ബജറ്റ് പടങ്ങൾ മാത്രമാണ്. പ്രതിഫലം കൂട്ടി താരങ്ങൾ കോടാനുകോടി രൂപ സമ്പാദിക്കുകയാണ്.

അഭിനയിക്കുന്ന വിജയിക്കുന്നതനുസരിച്ച് മാത്രം നടന്മാർ പണം വാങ്ങുന്ന രീതി മലയാള സിനിമയിൽ പണ്ടേയില്ല. പ്രേം നസീറിനെ പോലുള്ള ആളുകൾ പടം പരാജയപ്പെട്ടാൽ നിർമാതാവിന് അടുത്ത സിനിമ ഫ്രീയായി ചെയ്തുകൊടുക്കും. അങ്ങനെയുള്ളവരെ താൻ ആരാധിച്ചു പോകുകയാണെന്നും നന്ത്യാട്ട് പറയുന്നു.

മലയാള സിനിമയിൽ കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെ 76 സിനിമകളാണ് റിലീസ് ചെയ്തത്. ഇവയിൽ വെറും ആറ് സിനിമയാണ് മുതൽമുടക്ക് തിരികെ പിടിച്ചത്. ഇതൊരിക്കലും പ്രേക്ഷകരുടെ കുഴപ്പമല്ലെന്നും മികച്ച സിനിമയ്ക്ക് ആളില്ലെന്നതാണ് മലയാളസിനിമയുടെ പ്രതിസന്ധിയെന്നും അദ്ദേഹം പറയുന്നു.