മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍, എംഎല്‍എ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം ആവ‍ര്‍ത്തിച്ച്‌ വിഡി സതീശന്‍

single-img
7 July 2022

തിരുവനന്തപുരം : മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍, എംഎല്‍എ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം ആവ‍ര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

സജി ചെറിയാന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണം. സജി ചെറിയാന്റെ രാജി ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചല്ല. ഗുരതരമായ കുറ്റമാണെന്നും നിയമപരമായി രാജി വയ്ക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിര വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന നിലപാട് രണ്ട് നീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തില്‍ നിയമപരമായ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, വിവാദ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന്‍ പ്രസംഗിച്ചത്. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസടുക്കണം. ഇതിനാലാണ് പൊലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്‌വായ്പൂര്‍ പൊലീസിന്റെ നടപടി.