ബഫ‍ര്‍ സോൺ വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്നു; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു പ്രമേയം പാസ്സാക്കും

single-img
7 July 2022

ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ പ്രമേയമവതരിപ്പിക്കാൻ സ‍ര്‍ക്കാ‍ര്‍ നീക്കം. കേരളത്തെ ബഫർ സോൺ മേഖലകളിൽ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് സ‍ര്‍ക്കാര്‍ പ്രമേയം. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക.

ബഫര്‍ സോൺ വിവാദത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും നേരത്തെ പരസ്പരം പഴി ചാരുന്നതിനിടെയാണ് സർക്കാരിന്റെ ഈ നീക്കം. ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഇടത് സർക്കാർ ഉത്തരവാണ് സുപ്രീം കോടതി വിധിക്ക് കാരണമെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്. എന്നാൽ യുഡിഎഫ്-യുപിഎ സർക്കാർ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സർക്കാർ മറുപടി.

ബഫർസോൺ സോണിൽ സുപ്രീം കോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാനാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച ഉന്നത തലയോഗത്തിലെടുത്ത തീരുമാനം. സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകുന്നത് വേഗത്തിലാക്കും. ഏരിയൽ സർവ്വെ ഉടൻ തീർത്ത് ഉന്നതാധികാരസമിതിക്ക് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടാനും യോഗത്തിൽ ധാരയായി.

വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും അടങ്ങുന്ന സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ഈ മേഖലയിൽ ഒരു തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളോ ഖനനമോ വികസന പ്രവർത്തനങ്ങളോ പാടില്ലെന്നും സുപ്രീം കോടതി നിർദ്ദേശിക്കുന്നു.

ഈ മേഖലകളിൽ ഒരു കിലോമീറ്ററിലധികം ബഫർ സോണുണ്ടെങ്കിൽ അതുപോലെ തന്നെ തുടരണം. നിലവിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അതതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാൻ പാടൂള്ളുവെന്നും സുപ്രീം കോടതി നിർദ്ദേശിക്കുന്നു.

അതിന്‌പുറമെ ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിർമാണ പ്രവർത്തനങ്ങളുടെയും റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചിട്ടുണ്ട്.