പിണറായി സർക്കാരിന്റെ കാലത്ത് അനുവദിച്ചത് 229 ബാർ: എം.വി. ഗോവിന്ദൻ

single-img
7 July 2022

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് പുതിയതായി അനുവദിച്ചത് 229 ബാറുകൾ എന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. ഇതിനു പുറമേ, 2015 മാർച്ച് 31നു മുൻപുണ്ടായിരുന്നതും അന്നത്തെ യുഡിഎഫ് സർക്കാരിന്റെ മദ്യ നയത്തിന്റെ അടിസ്ഥാനത്തിൽ പൂട്ടിപ്പോയതുമായ 440 ബാറുകളും പിണറായി സർക്കാർ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസ് നൽകിയെന്നും മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയെ അറിയിച്ചു.

2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ 29 ബാറുകളും 306 ഔട്‌ലെറ്റുകളുമാണു സംസ്ഥാനത്തുണ്ടായിരുന്നത്. നിലവിലുള്ള ഔട്‌ലെറ്റുകളുടെ തിരക്കും അസൗകര്യവും കണക്കിലെടുത്ത്, പുതിയവ തുടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ അടച്ചുപോയ 78 എണ്ണം പുനരാരംഭിക്കാനും അനുമതി നൽകിയതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാർച്ച് 31 വരെ പിരിച്ചെടുക്കാനുള്ള അബ്കാരി കുടിശിക 281.26 കോടി രൂപയാണ്. പലിശയിനത്തിലാണ് 223 കോടി രൂപ ലഭിക്കാനുള്ളത്. മുതലിന് 18 ശതമാനം നിരക്കിലാണു വാർഷിക പലിശ. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു