അവർ പറഞ്ഞത് ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യങ്ങൾ; മഹുവ മൊയ്‌ത്രയ്ക്ക് പിന്തുണയുമായി ശശി തരൂർ

single-img
6 July 2022

സിഗരറ്റ് വലിക്കുന്ന രീതിയിലുള്ള കാളി ദേവിയെക്കുറിച്ചുള്ള പോസ്റ്റർ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ പരാമർശം വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. കാളി ദേവിയെ മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവതയായി സങ്കല്‍പ്പിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു മഹുവ പറഞ്ഞിരുന്നത്.

ഇപ്പോൾ ഇതാ ഈ പ്രസ്താവനയിൽ മൊയ്ത്രയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി. മൊയ്‌ത്ര പറഞ്ഞ കാര്യങ്ങൾ ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യമാണ്. അവർക്കെതിരെ നടക്കുന്ന ആക്രമണം തന്നെ ഞെട്ടിച്ചുവെന്നും തരൂർ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

‘ നമ്മുടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ആരാധനാരീതികൾ വ്യത്യസ്തമാണെന്ന് ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യമാണ്. ഒരാൾ താൻ ആരാധിക്കുന്ന ദേവിക്ക് എന്താണ് അർപ്പിക്കുന്നത് എന്ന് ആ ഭക്തന് മാത്രമേ അറിയൂ. ഈ കാര്യം തുറന്നു പറഞ്ഞ മഹുവ മൊയ്‌ത്രയ്‌ക്കെതിരെ നടക്കുന്ന ആക്രമണം കണ്ട് ഞാൻ ഞെട്ടിപ്പോയി’ തരൂർ ട്വിറ്ററിൽ എഴുതി.

‘മതത്തെ സംബന്ധിച്ച് ഇപ്പോൾ ആർക്കും പരസ്യമായി ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലേക്ക് നാം എത്തിയിരിക്കുന്നു. എന്തിനും ഏതിനും മതനിന്ദ ആരോപിക്കപ്പെടുന്നു. മഹുവ മൊയ്‌ത്ര എം പി ആരെയും വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാണ്.

ഈ രാജ്യത്തെ വ്യക്തികൾക്ക് സ്വകാര്യമായി മതം അനുഷ്ഠിക്കാൻ വിട്ടുകൊടുക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു’, തരൂർ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.