കുന്തവുമല്ല കുട ചക്രവുമല്ല; സജി ചെറിയാനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

single-img
6 July 2022

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇതിനെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തരവേളക്കെത്തിയപ്പോൾ തന്നെ കൈകളിൽ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമുയർത്തിയായിരുന്നു.

കുന്തവുമല്ല കുട ചക്രവുമല്ല’ എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. അതേസമയം, സഭയിൽ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. രാജ്യത്തിന്റെ ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സഭയിലുള്ളതിനാൽ അടിയന്തര പ്രമേയം പരിഗണിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്.

മാത്രമല്ല, രാവിലെ നടക്കേണ്ടിയിരുന്ന ചോദ്യോത്തരവേളയിൽ സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. തങ്ങൾ ഈ സെക്ഷനിൽ ചോദ്യം ചോദിക്കുന്നില്ലെന്ന നിലപാടാണ് മുന്നോട്ട് വെച്ചത്. പിന്നാലെ ഭരണപക്ഷ എംഎൽഎമാരും സീറ്റിൽ നിന്ന് പുറത്തിറങ്ങി. ഇതിനെ തുടർന്ന് സ്പീക്കർ ചോദ്യോത്തരവേളയും സീറോ അവറും റദ്ദാക്കിയതിന് ശേഷം സഭ നിർത്തി വെക്കുകയായിരുന്നു.