വീട്ടിൽ പോകൂ; ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയാ രജപക്‌സയെ പാർലമെൻറിൽ നിന്നോടിച്ച് പ്രതിപക്ഷം

single-img
5 July 2022

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന രജപക്‌സെ കുടുംബാംഗങ്ങൾ രാജിവെച്ചെങ്കിലും അധികാരം ഒഴിയാൻ കൂട്ടാക്കാതെ പ്രസിഡൻറ് സ്ഥാനത്ത് തുടരുന്ന ഗോട്ടബയാ രജപക്‌സയെ പാർലമെൻറിൽ നിന്നോടിച്ച് പ്രതിപക്ഷം.

ശ്രീലങ്കൻ പാർലമെൻറ് അംഗമായ ഹർഷ ഡെ സിൽവെ ട്വിറ്ററിൽ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. പാർലമെൻറംഗങ്ങൾ പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം മുഴക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനു പിന്നാലെ സഹായികളോട് സംസാരിച്ച ഗോട്ടബയാ പാർലമെൻറ് വിടുകയായിരുന്നു.

ഇത് അല്പം മുൻപ് നടന്നതാണെന്നും ശ്രീലങ്കയുടെ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്തതാണ് പ്രസിഡൻറ് പാർലമെൻറിൽനിന്ന് ഇറങ്ങിപ്പോകേണ്ടി വന്നതുമെന്ന കുറിപ്പോടെയാണ് ഹർഷാ വീഡിയോ പങ്കുവെച്ചത്.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയിൽ പ്രധാന വിഭവങ്ങൾ ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാത്തതിനാൽ ശ്രീലങ്ക കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ പ്രതിസന്ധി അടുത്ത വർഷം അവസാനം വരെ നീണ്ടുനിൽക്കുമെന്നുമാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇന്ന് പാർലമെന്റിൽ പറഞ്ഞത്.