ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാന്‍

single-img
5 July 2022

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശവുമായി ഫിഷറീസ്, സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാന്‍. ഇന്ത്യന്‍ ഭരണഘടനയുടെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ്‌ ഇതിന്റെ ഉദ്ദേശമെന്ന് സജി ചെറിയാന്‍. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സജി ചെറിയാന്‍.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യയെന്നും, അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ് എന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടനയാണ് നമ്മടെ എന്നും , രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ് എന്നും പറഞ്ഞു. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും എന്നും മന്ത്രി ചോദിച്ചു.

തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോയെന്നും സജി ചെറിയാന്‍ ചോദിച്ചു.