സ്വപ്ന സുരേഷിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

single-img
5 July 2022

മുഖ്യമന്ത്രിക്കെതിരായ ​ഗൂഢാലോചനക്കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഗൂഢാലോചനാകേസിൽ സ്വപ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ. എറണാകുളം പൊലീസ് ക്ലബ്ബിൽ വെച്ച് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രിക്കെതിരെ ​ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞ് കെ ‍ടി ജലീൽ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വപ്നക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സ്വപ്ന മറ്റു ചിലരുമായി ഗൂഢാലോചന നടത്തി രഹസ്യമൊഴി നൽകിയെന്നാണ് കേസ്. കേസിൽ രണ്ടുതവണ ഹാജരാകാൻ ക്രൈംബ്രാഞ്ച് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇഡിയുടെ ചോദ്യംചെയ്യൽ തുടരുന്നതിനാൽ സ്വപ്ന ഹാജരായിരുന്നില്ല

കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജസ്റ്റിസ് വിജു അബ്രഹാമാണ് സ്വപ്നയുടെ ഹർജി പരിഗണിക്കുന്നത്. കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനെ കക്ഷിചേർക്കാൻ സ്വപ്ന ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
അതേസമയം, സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജി കിരണിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് നടന്നിരുന്നോ എന്ന കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഷാജി കിരണിനെ ചോദ്യം ചെയ്യുന്നത്.