ദീര്‍ഘകാലം രാജ്യം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോൾ തകര്‍ച്ചയുടെ വക്കിൽ: പ്രധാനമന്ത്രി

single-img
3 July 2022

രാജ്യത്തെ മറ്റുള്ള പാര്‍ട്ടികളുടെ തകര്‍ച്ചയില്‍ നിന്ന് ബിജെപി പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘകാലം ഈ രാജ്യം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോൾ തകര്‍ച്ചയുടെ വക്കിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കുടുംബവാഴ്ചയില്‍ ഇന്ത്യ പൊറുതിമുട്ടിയെന്നും കുടുംബാധിപത്യ രാഷ്ട്രീയത്തെ യുവത്വം തള്ളിക്കളഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അത്തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനിയുള്ള കാലത്ത് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ബിജെപി പിന്തുടരുന്ന ജനാധിപത്യ മൂല്യങ്ങളെ സദാസമയവും വിലയിരുത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടികള്‍ അവരുടെ സംഘടനകളിലെ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ച് കൂടി ചിന്തിക്കണമെന്നും പ്രധാനമന്ത്രി പരിഹാസത്തോടെ പറഞ്ഞു.

ഏതാനും വര്‍ഷക്കാലമായി ബിജെപിയ്ക്ക് രാജ്യത്ത് എടുത്തുപറയത്തക്ക വളര്‍ച്ചയുണ്ടായെന്ന് നരേന്ദ്രമോദി വിലയിരുത്തി. പല സംസ്ഥാനങ്ങളിലും വളരെയധികം കഷ്ടത അനുഭവിക്കേണ്ടി വന്നിട്ടും ബിജെപി പ്രവര്‍ത്തകര്‍ പ്രത്യയശാസ്ത്രത്തിനൊപ്പം നിന്നെന്ന് പ്രധാനമന്ത്രി വിലയിരുത്തി.