മുഖ്യമന്ത്രിക്കെതിരെ പി സി ജോർജ് ഉന്നയിച്ച ആരോപണങ്ങൾ; യു ഡി എഫ് ഏറ്റെടുത്താൽ മാത്രം മറുപടി

single-img
3 July 2022

മുഖ്യമന്ത്രിയെ പ്രകോപിക്കാൻ എന്ന ഉദ്ദേശത്തോടെ പി സി ജോർജ് നടത്തിയ ആരോപണങ്ങൾ അവഗണിക്കാൻ സി പി എം നേതൃത്വത്തിൽ ധാരണ. എന്നാൽ ഈ ആരോപണങ്ങൾ യു ഡി എഫ് ഏറ്റെടുത്താൽ അപ്പോൾ ആലോചിക്കാമെന്നും സി പി എം നേതൃത്വം നിലപാട് എടുത്തിട്ടുണ്ട്.

പി സി ജോർജിന്‍റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല. അതുകൊണ്ട് കൂടുതൽ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. പി സി ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതിൽ കാര്യമില്ലെന്നും കാനം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ് ഇന്നും മാധ്യമങ്ങളെ കണ്ടിരുന്നു. സ​ര്‍​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രെ വലിയൊരു തുകയ്ക്ക് മാനനഷ്ടകേസ് നൽകുമെന്നു പി.​സി. ജോ​ർ​ജ് പറഞ്ഞു. തനിക്കെതിരെ മുഖ്യമന്ത്രി കള്ളസാക്ഷിയെ ഉണ്ടാക്കുകയാണ്. ഇത് രണ്ട് തവണയാണ് തന്നെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നത്. ഭാര്യയെയും പ്രതിയാക്കാനാണ് ശ്രമം, അതും നിയമപരമായി നേരിടും.

താൻ ഇന്നുവരെ കാണാത്ത സുനിൽ എന്നയാളുടെ പേരാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. തന്റെ ഭാര്യയേയും പ്രതിയാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ ഇ.ഡി അന്വേഷിക്കണമെന്ന് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പോയശേഷമോ അതിനു മുന്‍പോ മകളും ആ രാജ്യങ്ങളിലെത്തും. മുഖ്യമന്ത്രിക്കും മകള്‍ക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങള്‍ക്ക് തെളിവുണ്ടോ എന്ന ചോദ്യത്തിന് തെളിയിക്കേണ്ടത് ഇഡിയെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.

തെളിവുകള്‍ ഇഡിക്ക് നല്‍കിയിട്ടുണ്ട്, പ്രധാനമന്ത്രിയെ കാണും എന്നും പി.​സി. ജോ​ർ​ജ് പറഞ്ഞു