അച്ഛന്‍ ഇങ്ങനെയാണ് സംസാരിച്ചതെന്ന് ഷോണിനോട് പറയാന്‍ പറ്റുമോ; പിസി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പരാതിക്കാരി

single-img
2 July 2022

പീഡനക്കേസിൽ മുൻ എംഎൽഎ പിസി ജോർജ്ജ് അറസ്റ്റിലായ പിന്നാലെ തനിക്കെതിരെ പരാമര്‍ശം നടത്തിയ ഷോണ്‍ ജോര്‍ജിന് മറുപടിയുമായി പരാതിക്കാരി രംഗത്തെത്തി. ഷോണിന് അറിയില്ല, അദ്ദേഹത്തിന്റെ പിതാവ് തന്നോട് എന്തൊക്കെയാണ് സംസാരിച്ചിരുന്നതെതെന്നും അത് എങ്ങനെ അറിയിക്കും. അച്ഛന്‍ ഇങ്ങനെയാണ് സംസാരിച്ചതെന്ന് ഷോണിനോട് പറയാന്‍ പറ്റുമോ എന്നും അവർ ചോദിക്കുന്നു.

മാത്രമല്ല, തന്റെ കൈയിലുള്ളത് ഫോണ്‍കോള്‍ റെക്കോര്‍ഡുകളാണ് എന്നും പരാതിക്കാരി പറഞ്ഞു. പിസി ജോര്‍ജ് തന്നെ പീഡിപ്പിച്ചത് അന്വേഷണസംഘത്തോട് അങ്ങോട്ട് പറയുകയായിരുന്നു. 2014 മുതല്‍അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും തനിക്ക് ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

തന്നെ ശാരീരികമായി ആക്രമിച്ചതിനാലാണ് പരാതി നല്‍കിയതും രഹസ്യമൊഴി നല്‍കിയതുമെന്നും അവർ പറയുന്നു . ഇത് മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ. ധാരാളം ആലോചിച്ച ശേഷമാണ് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ ക്ഷമ കാണിച്ചത് ഗൂഢാലോചന കേസില്‍ ഇവരൊക്കെ എന്താണ് എന്നെ കൊണ്ട് ഉദേശിക്കുന്നതെന്ന് മനസിലാക്കാന്‍ വേണ്ടിയായിരുന്നു.

“സരിത സ്വപ്‌നയ്ക്ക് വേണ്ടി സംസാരിക്കെന്നാണ് പിസി ജോര്‍ജ് ഒരിക്കൽ പറഞ്ഞത്. ബാക്കി പാര്‍ട്ടി ഏറ്റെടുത്തോളും എന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ ഉടന്‍ സംസാരിക്കാന്‍ മാത്രം മണ്ടി അല്ല ഞാന്‍. മണ്ടത്തരം കാണിച്ച് കാണിച്ചാണ് 33 കേസുകളില്‍ ഞാന്‍ പ്രതിയായത്”- പരാതിക്കാരി പറഞ്ഞു.