ഒരോവറിൽ 5 ഫോറും 2 സിക്‌സും; ബ്രോഡ് നൽകിയത് 35 റൺസ്; റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

single-img
2 July 2022

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളറായ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 5 ഫോറും 2 സിക്‌സും ഉൾപ്പെടെ 35 റൺസാണ് ബുംറ നേടിയത്.

ഇതോടുകൂടി ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേടും ബ്രോഡിന് ലഭിച്ചു. ഇതിന് മുൻപ് 28 റൺസായിരുന്നു ഒരു ടെസ്റ്റ് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ മുൻ റെക്കോർഡ്. ഇന്ത്യയ്ക്ക് വേണ്ടി പത്താം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ജസ്പ്രീത് ബുംറ ബ്രോഡിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി.

എക്സ്ട്രായായി വൈഡായ രണ്ടാം പന്തില്‍ അഞ്ച് റണ്‍സ്. അടുത്ത പന്തില്‍ ഏഴ് റണ്‍സാണ് താരം വഴങ്ങിയത്. നോബോളിൽ ബുംറ സിക്സർ പറത്തുകയായിരുന്നു. പിന്നീടുള്ള തുടർച്ചയായ മൂന്നു പന്തുകളിലും ബുംറ ഫോറുകള്‍ നേടി. പിന്നാലെ മറ്റൊരു സിക്‌സര്‍ കൂടി നേടി. അവസാന ബോളിൽ താരം ഒരു സിംഗിളും തന്റെ സ്‌കോറിനൊപ്പം ചേര്‍ത്തു.

മുൻപ് സൗത്ത് ആഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണിന്റെ പേരിലായിരുന്നു ഒരോവറിൽ കൂടുതല്‍ റണ്‍സ് വഴങ്ങിയ റെക്കോര്‍ഡ്. അന്ന് വിൻഡീസിന്റെ ബ്രയാന്‍ ലാറ 28 റണ്‍സാണ് അടിച്ചെടുത്തത്. ഓവറിൽ 2 സിക്‌സറും നാല് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ലാറയുടെ സ്‌കോര്‍.

അന്താരാഷ്‌ട്ര ട്വന്റി20 ഫോർമാറ്റിലും ഇതേ റെക്കോര്‍ഡ് ബ്രോഡിൻ്റെ പേരിലാണ്. 2007 ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യയുടെ യുവരാജ് സിങ് ബ്രോഡ് എറിഞ്ഞ ഒരോവറിൽ 36 റൺസാണ് നേടിയത്.