പ്രേമലേഖനം കെെപറ്റി; ആദായനികുതി വകുപ്പിന്റെ നോട്ടീസിനെതിരെ പരിഹാസവുമായി ശരദ് പവാർ

single-img
1 July 2022

എൻസിപി സഖ്യ സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് മഹാരാഷ്ടയിൽ ബിജെപി- ശിവസേന വിമതർ അധികാരത്തിലേറിയ പിന്നാലെ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പ്രേമലേഖനം കെെപറ്റിയെന്ന് പ്രതികരിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ.

സംസ്ഥാനത്തെ 20-ാമത് മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത ദിവസം നടന്ന സംഭവത്തെക്കുറിച്ച് പവാർ സോഷ്യൽ മീഡിയയായ ട്വിറ്ററിലാണ് പ്രതികരിച്ചത്. 2004, 2009, 2014, 2020 തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ടാണ് പവാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് അയച്ചത്.

“കേന്ദ്രത്തിന് കീഴിലെ ഈ വകുപ്പിന്റെ കാര്യക്ഷമതയിൽ നല്ലരീതിയിലുള്ള വർധനവുണ്ടായിട്ടുണ്ട്. ആളുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിന് ഇത്രയും വർഷങ്ങൾ എടുക്കുക, ചില ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക എന്നിവ തന്ത്രപരമായ മാറ്റമായി തോന്നുന്നു” പവാർ ട്വിറ്ററിൽ എഴുതി.