പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറി; ധനരാജിന്റെ കടം സിപിഎം തീര്‍ത്തു

single-img
1 July 2022

സി പി എം രക്തസാക്ഷി ധനരാജിന്റെ ‘രക്തസാക്ഷി ഫണ്ട്’ തിരിമറി വിവാദം അവസാനിപ്പിക്കാന്‍ സിപിഎം നീക്കം. ഇതിന്റെ ഭാഗമായി ധനരാജിന്റെ സാമ്പത്തിക ബാധ്യത സിപിഎം തീര്‍ത്തു. പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ബാധ്യതയാണ് മുഴുവനായി തീർത്തത്. ഇതിനു വേണ്ടി ധനരാജിന്റെ അക്കൗണ്ടില്‍ പാര്‍ട്ടി 9,80,000 രൂപ നിക്ഷേപിച്ചു

വെള്ളിയാഴ്ച ലോക്കല്‍ കമ്മറ്റിയില്‍ കണക്ക് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പണം നിക്ഷേപിച്ചത്. സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി യോഗത്തിനു ശേഷം പാര്‍ട്ടി എടുത്ത തീരുമാനമായിരുന്നു രക്തസാക്ഷി ധനരാജിന്റെ ബാധ്യത തീര്‍ക്കുമെന്നത്.

2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സി.വി ധനരാജ് കൊല്ലപ്പെടുന്നത്. ധനരാജിന്റെ കടങ്ങള്‍ വീട്ടാനും വീട് വച്ച് നല്‍കാനും പാര്‍ട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. ഒരു കോടിയോളം രൂപയാണ് പിരിച്ചുകിട്ടിയത്. എന്നാല്‍ പിരിച്ചുകിട്ടിയ തുകയില്‍ നിന്ന് ധനരാജിന്റെ വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കും നല്‍കിയ തുകയില്‍ നിന്ന് ബാക്കി രണ്ട് നേതാക്കളുടെ ജോയിന്റ് അക്കൗണ്ടിലേക്ക് സ്ഥിരനിക്ഷേപമായി മാറ്റിയെന്നായിരുന്നു പരാതി. 42 ലക്ഷം രൂപ ഇത്തരത്തില്‍ മാറ്റിയെന്നായിരുന്നു ആരോപണം. ധനരാജിന് ഉണ്ടായിരുന്ന കടം വീട്ടാതെയായിരുന്നു ഈ നിക്ഷേപം. ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനായിരുന്നു പാര്‍ട്ടി നേതൃത്വത്തിന് രേഖകളടക്കമുള്ള പരാതി നല്‍കിയത്.