മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

single-img
1 July 2022

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. 200 ലധികം ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിജിറ്റൽ ഇൻഷുറൻസ് കാർഡുകൾ ഇന്ന് മുതൽ മെഡിസെപ്പിൻറെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

മുഖ്യമന്ത്രി പിണറായി വിജയനാണു പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചത്. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. പാർട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്കൂളുകളിലേതുള്‍പ്പെടെയുള്ള അധ്യപക-അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഈ പദ്ധതിയുടെ ഭാഗമാകും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളില്‍ ക്യാഷ് ലെസ്സ് ചികിത്സാ സൗകര്യം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകുന്ന ജീവനക്കാരും പെന്‍ഷന്‍കാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടക്കേണ്ടത്.