എല്ലാവര്‍ക്കും ഓരോ രാഷ്ട്രീയമുണ്ട്: നിഖില വിമല്‍

single-img
30 June 2022

സമൂഹത്തില്‍ എല്ലാ ആളുകള്‍ക്കും രാഷ്ട്രീയമുണ്ടെന്നും അതുപോലെ തന്നെ തനിക്കും രാഷ്ട്രീയമുണ്ടെന്നും നടി നിഖില വിമല്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പശു കശാപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് നിഖിലയുടെ പ്രസ്താവന.

ഒരു സ്വകാര്യ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖില അവരവരുടേതായ രാഷ്ട്രീയ നിലപാടിനെ കുറിച്ച് സംസാരിച്ചത്. അസാധാരണമായ ഒരു ചോദ്യം വന്നതുകൊണ്ടാണ് അത്തരമൊരു മറുപടിയും വന്നതെന്നും ചോദ്യം ചോദിച്ച പയ്യന്‍ പ്രത്യേക അജണ്ട വെച്ച് ചോദിച്ചതാണെന്നൊന്നും താന്‍ കരുതുന്നില്ലെന്നുമാണ് നിഖില വിമല്‍ പറഞ്ഞത്.

നിഖിലയുടെ വാക്കുകള്‍ ഇങ്ങനെ:

‘ജോ ആന്‍ഡ് ജോയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖമാണത്. സിനിമ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തണം എന്നതിനപ്പുറം ഞാന്‍ പറയുന്ന മറുപടി ഇത് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. അസാധാരണമായ ചോദ്യം വന്നതു കൊണ്ടാണ് അത്തരമൊരു മറുപടിയും വന്നത്. ആ പയ്യന്‍ കൃത്യമായൊരു അജണ്ട വച്ചാണ് ചോദ്യം ചോദിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. അവരെ സംബന്ധിച്ച് ഒരു എന്റര്‍ടെയിന്‍മെന്റ് ഷോ എന്ന നിലയില്‍ ആ പരിപാടിയെ മാറ്റുക എന്നത് മാത്രമാണ് ഉദ്ദേശം. അത് മുന്നില്‍ കണ്ട് ചോദിച്ചതാകാം.

ആ അഭിമുഖം നടത്തിയ യുവാവ് കൃത്യമായൊരു രാഷ്ട്രീയം വച്ച് സംസാരിക്കുന്ന ഒരാളാണ് എന്നും തോന്നിയിട്ടില്ല. അയാളൊരു ചോദ്യം ചോദിച്ചു അതിന് ഞാന്‍ മറുപടി നല്‍കി, അതിനപ്പുറം പ്രധാന്യം കൊടുക്കേണ്ട കാര്യമില്ല. അതിനെ കുറിച്ച് ഒരുപാട് ചര്‍ച്ചകളുണ്ടായി. അത്തരം ചര്‍ച്ചകള്‍ ഉണ്ടാകുന്നത് ഒരുജനാധിപത്യ സമൂഹത്തിന് നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്.